Rationalisation-of-subjects-a-one-time-measure-CBSE

ആദ്യം പാഠപുസ്തകങ്ങളിൽ നിന്ന് … പിന്നെ നിത്യജീവിതത്തിൽ നിന്ന് ….!

എഴുത്ത് ; ശ്രീഹരി ആർ

കോവിഡ് മഹാമാരി സൃഷ്ടിച്ച ഭീതിജനകമായ ഒരു കാലഘട്ടത്തിൽ ജീവിക്കുകയാണ് നാം. ഈ സാഹചര്യത്തിലെ വിദ്യാഭ്യാസം അതിനൊത്ത് പരുവപ്പെടുത്താൻ തീർച്ചയായും ഗവൺമെന്റുകൾ ഇടപെടേണ്ടതുമുണ്ട്. അങ്ങനെയൊരു അവസരത്തിലാണ് സി.ബി.എസ്.സി സിലബസിലെ പാഠപുസ്തകങ്ങളിൽ നിന്ന് ചില ഭാഗങ്ങൾ വെട്ടിമാറ്റിയതായ വാർത്തകൾ നാം അറിയുന്നത്. വിദ്യാർത്ഥികളുടെ പഠനഭാരവും പഠിപ്പിക്കാൻ അദ്ധ്യാപകരുടെമേൽ വരുന്ന ഭാരവും കുറക്കാനാണ് തീരുമാനമെന്നാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാൽ നിഷാങ്ക് വ്യക്തമാക്കിയത്. എന്നാൽ പഠനഭാരം ലഘൂകരിക്കാൻ വെട്ടിമാറ്റിയ ഭാഗങ്ങൾ ഏതൊക്കെയാണ്? സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ നിന്ന് പൗരത്വം, ദേശീയത, മതനിരപേക്ഷത തുടങ്ങിയവയാണ് വെട്ടിനീക്കിയത്.

സാമാന്യ ബോധമുള്ള ഏതൊരാൾക്കും ഇതിനു പുറകിലെ രാഷ്ട്രീയം തിരിച്ചറിയാനാവും. സെക്കുലറിസവും ഫെഡറലിസവും തുടങ്ങി ഒഴിവാക്കപ്പെട്ട ഈ ഭാഗങ്ങളില്ലാതെ എങ്ങനെ ഭരണഘടനയെ ഉൾക്കൊണ്ട് പഠിക്കാനാണ്. നാം എന്ത് പഠിക്കണം , എന്ത് ചിന്തിക്കണം എന്നു മാത്രമല്ല, എന്ത് പഠിക്കരുത്, എന്ത് ചിന്തിക്കരുത് എന്നും അവർ തീരുമാനിക്കുകയാണ്.

ഭരണകൂടത്തിന് അതിന്റെ മർദ്ദനോപാധികളായ പോലീസിനെയും പട്ടാളത്തിനെയും ഉപയോഗിച്ച് നടപ്പിലാക്കാൻ കഴിയുന്ന തീരുമാനങ്ങളേക്കാൾ ശക്തമായി അതിന്റെ പ്രത്യയശാസ്ത്ര ഉപാധിയായ വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കാൻ സാധിക്കും. അതിനുള്ള ശ്രമങ്ങളിൽ ഒന്നു മാത്രമാണിത്. ഇതിനു മുൻപും ഇത്തരം അനവധി ശ്രമങ്ങൾ നടന്നു കഴിഞ്ഞു. ഇത് താല്കാലികമല്ലേ എന്ന് കരുതിക്കൂടാ. സംഘ പരിവാരത്തിന് അങ്ങനെ താല്കാലികമായ അജണ്ടകളല്ല ഉള്ളത്. ഇറ്റാലിയൻ ദാർശനികനായ ജോർജിയോ അകമ്പൻ, റൂൾ ഓഫ് എക്സെംപ്ഷനെക്കുറിച്ച് സൂചിപ്പിച്ചത് ഓർക്കുക. ഒരു പ്രതിസന്ധി ഘട്ടത്തിൽ ഗവൺമെന്റ് നടത്തുന്ന പരിപാടികളും പദ്ധതികളും ആ പ്രതിസന്ധി കഴിഞ്ഞാലും തുടരും എന്ന ഭീഷണിയെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

modi

ഇതൊരു ദീർഘകാല അജണ്ടയാണ്. ഭാരതീയ തത്വങ്ങളുടെയോ രാജനൈതികതയുടെയോ യാതൊരു പ്രതിഫലനവും നമ്മുടെ ഭരണഘടനയിലില്ലെന്ന് വിധിയെഴുതിയ ‘വിചാരധാര’യെ പിൻപറ്റുന്നവരാണ് ഇന്ത്യ ഭരിക്കുന്നത്. ആധുനികതയും അത് സൃഷ്ടിച്ച ജ്ഞാനരൂപങ്ങളും അവരെ അലോസരപ്പെടുത്തും. മതേതരത്വവും ജനാധിപത്യവും അവരെ അലോസരപ്പെടുത്തും. നമ്മുടെ ഫെഡറൽ സംവിധാനത്തെ തകർത്ത് ഒരു ഏകഘടക ഭരണകൂടത്തെ സാധ്യമാക്കലാണ് അവരുടെ പ്രത്യയശാസ്ത്ര അജണ്ട. ആ രാജ്യ സങ്കൽപ്പത്തിൽ ന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും സ്ഥാനം എന്തായിരിക്കും? ഭിന്ന ഭിന്ന അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നവരുടെ സ്ഥാനം എന്തായിരിക്കും?… ഭരണഘടനയെ, അതിന്റെ ആധുനിക മൂല്യങ്ങളെ തകർക്കാനുള്ള അനേക ശ്രമങ്ങളിലൊന്നാണിത്. സ്വന്തം ഭരണഘടന ഉയർത്തിപ്പിടിച്ച് സ്വന്തം ഗവൺമെന്റിനെതിരെ സമരം ചെയ്യേണ്ടിവന്ന ജനതയാണ് നാം.

ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് ചെറുതല്ല. പഠിതാക്കളുടെ മാനസിക ഘടന രൂപപ്പെടുത്തുന്നതിലും മൂല്യബോധം വളർത്തുന്നതിലും പാഠപുസ്തകങ്ങളുൾപ്പെടെയുള്ള വിദ്യാഭ്യാസ ഘടകങ്ങൾക്ക് പങ്കുണ്ട്. ഭരണഘടനയെക്കുറിച്ച്, ചരിത്ര സത്യങ്ങളെക്കുറിച്ച് അറിയാത്ത ഒരു തലമുറയുടെ തലച്ചോറിൽ തങ്ങളുടെ തന്ത്രങ്ങൾ എളുപ്പം അടയാളപ്പെടുത്താമെന്ന ധാരണയാണ് ഇന്ത്യൻ ഫാസിസത്തിന്. ദേശീയതയെ ചരിത്രബോധത്തോടെ ഉൾക്കൊള്ളാതെ ഒരു തലമുറ വളർന്നു വന്നാൽ, അവരിൽ തങ്ങളുടെ കപടദേശീയതയെ, ഹിന്ദുത്വ രാഷ്ട്രവാദത്തെ പ്രയാസമേതുമില്ലാതെ പ്രയോഗിക്കാമെന്ന വക്രബുദ്ധിയാണത്. ആധുനിക ബോധ്യങ്ങളിൽ നിന്ന് വർണ്ണാശ്രമ വ്യവസ്ഥയും സ്മൃതികളും നിറഞ്ഞ മറ്റൊരു പരിസരത്തിലേക്ക് നമ്മുടെ ചിന്തകളെയും ധാർമ്മികതയെത്തന്നെയും മാറ്റി സ്ഥാപിക്കാനുള്ള അനേക ഇടപെടലുകളിൽ ഒന്നു മാത്രമാണിത്.

പുസ്തകത്തിൽ നിന്ന് ഇതെല്ലാം നീക്കം ചെയ്യുന്നിടത്ത് അവസാനിക്കുന്നതല്ല അവരുടെ ലക്ഷ്യം.മറിച്ച് നമ്മുടെ ദൈനംദിന ജീവിതത്തിൽ നിന്നു തന്നെ ഇതിനെ വെട്ടിമാറ്റുകയാണ് അവർക്ക് വേണ്ടത്. മതനിരപേക്ഷതയുടെ ആഖ്യാനങ്ങളെ തകർത്ത് വർഗ്ഗീയ വാദത്തിന്റെ ആഖ്യാനങ്ങളെ ഉയർത്തിക്കൊണ്ടുവരാനുള്ള അത്തരം ശ്രമങ്ങളുടെ ഭാഗമായിവേണം ഇതിനെ കാണാൻ.
‘ഗാന്ധിജി ആത്മഹത്യ ചെയ്തതെങ്ങനെ?’ എന്ന ചോദ്യത്തിൽ യാതൊരു അമ്പരപ്പുമില്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കുകയാണ് അവർക്കു വേണ്ടത്.

അത്യന്തവൈഭവ സമുജ്ജ്വല ഹിന്ദു രാഷ്ട്രം
കാണാൻ ജപിക്ക പരിപാവന സംഘമന്ത്രം

എന്ന് സംഘാഷ്ടകം ചൊല്ലിയവസാനിപ്പിച്ചു വരുന്ന ഭരണാധികാരികളിൽ നിന്ന് നാം ഇതിൽക്കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ്. ഇന്ത്യയെ ഒരു മതരാഷ്ടമാക്കിത്തീർക്കാനുള്ള ദീർഘകാല അജണ്ടയെ വിദ്യാഭ്യാസ മേഖലയിലെ ഇത്തരം ഇടപെടലുകളിലൂടെ പ്രയോഗത്തിൽ കൊണ്ടുവരാനുള്ള ഈ ശ്രമങ്ങളെ ചെറുത്തു നിർത്താൻ, ഈ കോവിഡ് കാലത്തും നമുക്ക് കഴിയേണ്ടതുണ്ട്. ‘കോവിഡ്’ ഇത്തരം തീരുമാനങ്ങളുടെ നടത്തിപ്പിനുള്ള ഒരു ‘മറ’ യായി മാറുകയാണ്.

mahatma_gandhi

അല്ലാതെ എന്ത് മാനദണ്ഡമാണ് ഈ ഭാഗങ്ങൾ പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതിനു പുറകിലുള്ളത്?. ഇതിനു പുറകിലെ യുക്തി നേരത്തേ സൂചിപ്പിച്ച അവരുടെ പ്രത്യയശാസ്ത്രയുക്തി മാത്രമാണ്. കാര്യഗൗരവത്തോടെ ഈ വിഷയത്തെ സമീപിക്കാൻ, ഇന്ത്യയിലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കെന്നപോലെ, ചെറുത്തു നിൽപ്പിന്റെ ഭാഗവാക്കാവാനുള്ള ഉത്തരവാധിത്വം ജനാധിപത്യ ബോധമുള്ള മുഴുവൻ മനുഷ്യർക്കുമുണ്ട്. അതിന് ആദ്യം മതേതരത്വത്തെയും ആധുനിക ഭരണഘടനാ മൂല്യങ്ങളെയും നാം നമ്മുടെ ജീവിതത്തിന്റെ പാഠപുസ്തകത്തിൽ മായാത്ത ലിപികളിൽ എഴുതിച്ചേർക്കേണ്ടതുണ്ട്.

Leave a Reply