ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം ,പോരാട്ടത്തിന്റെ ഒരു നൂറ്റാണ്ട്

എഴുത്ത് : ബിനിൽ ഇആർ

ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ വിമോചന സ്വപ്നവുമായി ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപം കൊണ്ടിട്ടിന്നേക്ക് ഒരു നൂറ്റാണ്ടു തികയുന്നു. 1920 ഒക്ടോബർ 17 ന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉസ്ബെക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്കന്റിൽ വെച്ച് റഷ്യൻ വിപ്ലവത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട ഒരു കൂട്ടം ഇന്ത്യൻ വിപ്ലവകാരികളുടെ നേതൃത്വത്തിലാണ് ഇന്ത്യൻ കമ്യൂണിസ്റ്റു പാർട്ടി രൂപം കൊണ്ടത്. എം.എൻ റോയി, അബനി മുഖർജി, മുഹമ്മദ് ഷെഫീക്ക്, എ പി ബി ടി ആചാര്യ , മുഹമ്മദ് അലി , എവ്ലിൻ റോയി, റോസഫിറ്റിൻഗോഫ് എന്നിവരാണ് പാർട്ടി രൂപീകരണ യോഗത്തിൽ പങ്കെടുത്തത്. കൊളോണിയൽ ആധിപത്യത്തിനെതിരെ ലോകമെങ്ങും പോരാടുന്ന കാലത്ത് രൂപം കൊണ്ട ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള ഐതിഹാസികമായ സമരപോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതായിരുന്നു കഴിഞ്ഞു പോയൊരുനൂറ്റാണ്ട് കാലം.
ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപം കൊണ്ടതിന്റെ അന്നുമുതൽക്കെ തന്നെ സാമ്രാജ്യത്വ ഭരണകൂടം അതിന്റെ എല്ലാ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തി ശൈശവത്തിലെതന്നെ ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. ആയിരത്തിതൊള്ളായിരത്തി ഇരുപതുകളിൽ രാജ്യത്തിന്റെ വടക്കൻ അതിർത്തി വഴി മടങ്ങി വരാൻ ശ്രമിച്ച കമ്യൂണിസ്റ്റ് വിപ്ലവകാരികളെ പെഷവാർ ഗൂഡാലോചനക്കുറ്റം ചുമത്തി തടവിലടച്ചത് ഭരണകൂടഭീകരതയുടെ ആദ്യ ഉദാഹരണമായിരുന്നു.

എന്നാൽ ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ട് 1925 ഡിസംബർ 26 ന് ബ്രിട്ടീഷ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളും സമാന ആശയക്കാരും ചേർന്ന് കാൺപൂരിൽ യോഗം ചേർന്നു. തമിഴ്നാട്ടിൽ നിന്നുള്ള ട്രേഡ് യൂണിയൻ നേതാവായിരുന്ന ശിങ്കാരവേലച്ചെട്ടിയാരായിരുന്നു യോഗാദ്ധ്യക്ഷൻ കവിയും സ്വാതന്ത്ര്യ സമരസേനാനിയുമായ ഹസ്രത്ത് മൊഹാനിയെപ്പോലുള്ളവർ സമ്മേളനത്തിന്റെ സംഘാടനത്തിന് നേതൃത്വം നൽകി.
കൊളോണിയൽ ഭരണകൂടത്തെ തകർത്തെറിഞ്ഞ് തൊഴിലാളി വർഗത്തിന് പ്രാധിനിത്യമുള്ളൊരു ഭരണക്രമം സ്ഥാപിക്കാൻ വെമ്പുന്ന ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ വിപ്ലവകാഹളമായിരുന്നു കാൺപൂർ സമ്മേളനം. ഇത് കൊളോണിയൽ ഭരണകൂടത്തെ വല്ലാതെ അസ്വസ്ഥരാക്കി. 1929 ൽ മീററ്റിൽ വെച്ച് ഇന്ത്യയിലെ ബ്രിട്ടീഷ് ഗവൺമെന്റിനെ അട്ടിമറിക്കാൻ ഗൂഡാലോചന നടത്തി എന്ന കുറ്റം ചാർത്തി കമ്യൂണിസ്ററ് പാർട്ടി നേതാക്കളെ ഭരണകൂടം തടവിലാക്കി. 1930 ൽ കമ്യൂണിസ്റ്റ് പാർട്ടി അതിന്റെ കർമ പരിപാടിക്ക് രൂപം നൽകിയത് ജയിലറകൾക്കുള്ളിൽവെച്ചായിരുന്നു.
ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പൂർണ സ്വരാജ് എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത് കമ്യൂണിസ്റ്റുകാരായിരുന്നു. 1922 ലെ ഗയ കോൺഗ്രസ്സിനായി തയ്യാറാക്കിയ മാനിഫെസ്റ്റോയിലൂടെ എം എൻ റോയി ഈ ആവിശ്യം കോൺഗ്രസ്സിനു മുന്നിലെത്തിച്ചു. 1930 ൽ ആണ് കോൺഗ്രസ്സ് ഈ മുദ്രാവാക്യം ഏറ്റെടുക്കാൻ തയ്യാറായത്. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് കമ്യൂണിസ്റ്റുകാർ നൽകുന്ന ഊർജം ചെറുതല്ലെന്ന് മനസ്സിലാക്കിയ ഭരണകൂടം ഇന്ത്യൻ കമ്മൂണിസ്റ്റ് പാർട്ടിയെ നിരോധിക്കുകയും നിരവധി സഖാക്കളെ തടവിലാക്കുകയും ചെയ്തു

മർദ്ദിത ജനകോടികളുടെ പ്രത്യാശയായിരുന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയെ ഭരണകൂട ഭീകരതകൊണ്ട് അടിച്ചമർത്താൻ കഴിയുമെന്ന സാമ്രാജ്യത്ത വ്യാമോഹത്തിനേറ്റ കനത്ത പ്രഹരമായിരുന്നു ആയിരത്തിതൊള്ളായിരത്തി നാൽപ്പതുകളിൽ ഇന്ത്യയിലുടനീളം പൊട്ടിപ്പുറപ്പെട്ട സമര പോരാട്ടങ്ങൾ . വർളിയിലും തേഭാഗയിലും തെലങ്കാനയിലും പുന്നപ്രയിലും വയലാറിലും മർദ്ദനത്തിന്റെ നുകം കുടഞ്ഞെഴുന്നേറ്റ ഇന്ത്യൻ കർഷകരും തൊഴിലാളികളും ഭരണകൂടത്തിനെതിരായ പ്രക്ഷോഭത്തിനിറങ്ങി. കിസാൻ സഭയും കമ്യൂണിസ്റ്റു പാർട്ടിയും പോരാട്ടങ്ങൾക്ക് ദിശാബോധം പകർന്നു . അതിജീവനത്തിനായുള്ള അടിസ്ഥാനവർഗത്തിന്റെ ചെറുത്തു നിൽപ്പിനു മുന്നിൽ കൊളോണിയൽ ഭരണകൂടത്തിനും ദേശീയ ബൂർഷാസിക്കും ഒരേ പോലെ കാലിടറി.ഈ മുന്നേറ്റങ്ങൾ തൊഴിലാളി വർഗത്തിന്റെ വിമോചന സ്വപ്നങ്ങൾക്ക് ആക്കംകൂട്ടി.
പുന്നപ്ര വയലാറിലെ സർ സി പി യുടെ അമേരിക്കൻ മോഡൽ ഭരണത്തിനെതിരായ കർഷകരുടെയും തൊഴിലാളികളുടെയും പോരാട്ടത്തെ യന്ത്രതോക്കുകളാലാണ് ഭരണകൂടം നേരിട്ടത്. നിരവധി സഖാക്കൾക്ക് ജീവൻ ബലി .നൽകേണ്ടി വന്നു. തെലങ്കാനയിലെ സായുധ പോരാട്ടം സ്വാതന്ത്ര്യാനന്തരം 1948 വരെ നീണ്ടു നിന്നു .

സ്വാതന്ത്ര്യാനന്തരവും അടിസ്ഥാന വർഗത്തിന്റെ മോചന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സാധിച്ചില്ല എന്നു മനസ്സിലാക്കിയ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി പോരാട്ടങ്ങൾ ഇനിയും തുടരേണ്ടതുണ്ടെന്ന നിലപാടെടുത്തു. 1957 ൽ കമ്യൂണിസ്റ്റു പാർട്ടിയുടെ നേതൃത്വത്തിലുള്ള ഒരു ഭരണകൂടം കേരളത്തിൽ അധികാരത്തിലെത്തി. ലോകത്തിലാദ്യമായിട്ടായിരുന്നു ഒരു കമ്യൂണിസ്റ്റ് പാർട്ടി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയത്. ആ ഗവൺമെന്റിനെ അട്ടിമറിക്കാനുള്ള അവിശുദ്ധ സഖ്യത്തിൽ വലതുപക്ഷവും മൂലധന ശക്തികളും ജാതി,മത മേലാളൻമാരും ഒന്നിച്ചണിചേർന്നു . വിമോചന സമരമെന്ന ആഭാസത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഭരണകൂടത്തെ അധികാരമുപയോഗിച്ച് കോൺഗ്രസ് പിരിച്ചുവിട്ടു. എന്നാൽ 67 ലെ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റുകാർ വീണ്ടും കേരളത്തിൽ അധികാരത്തിലേറി
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യ ശതകങ്ങളായപ്പോഴേക്കും ദേശീയ ബൂർഷാസിയോടു സ്വീകരിക്കേണ്ട നയസമീപനത്തിന്റെ പേരിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ വിയോജിപ്പുകൾ ഉടലെടുത്തു. 1964 ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി പിളരുകയും സാമ്രാജ്യത്വ ബൂർഷ്വാസിക്കെതിരെയും ദേശീയ ബൂർഷ്വാസിക്കെതിരെയുമുള്ള പോരാട്ടങ്ങൾ ഒരേ സമയം തുടർന്നാൽ മാത്രമേ അടിസ്ഥാന വർഗത്തിന്റെ മോചനം സാധ്യമാകു എന്ന മുദ്രാവാക്യമുയർത്തി CPI(M) രൂപീകൃതമാകുകയും ചെയ്തു. ഈ നിലപാടായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു.

വിഭജനത്തിനു ശേഷം ഇന്ത്യൻ കമ്യൂണിസ്റ്റു പ്രസ്ഥാനം അഭിമുഖീകരിക്കേണ്ടി വന്ന മറ്റൊരു പ്രതിസന്ധിയായിരുന്നു നക്സലിസം എന്ന പേരിലറിയപ്പെട്ട ഇടതുപക്ഷ അതിസാഹസികത്വ പ്രവണത. 1968 ൽ CPIM ബർദ്ദാൻ പ്ലീനം വിളിച്ചുകൂട്ടുകയും തെറ്റായ ഈ പ്രവണതക്കെതിരെ രാഷ്ട്രീയ നിലപാട് കെെക്കൊള്ളുകയും ചെയ്തു.

ഇന്ത്യയുടെ ഇരുണ്ട കാലഘട്ടം എന്നറിയപ്പെട്ട അടിയന്തരാവസ്ഥക്കാലത്ത് കൊടിയ പീഠനങ്ങളാണ് കമ്യൂണിസ്റ്റുകാർക്ക് സഹിക്കേണ്ടി വന്നത്. എന്നാൽ അതിനെയെല്ലാമതിജീവിച്ച് കേരളത്തിനു പുറമെ തൃപുരയിലും ബംഗാളിലും പാർട്ടി അധികാരത്തിലേറുകയും അടിസ്ഥാന വർഗത്തിന് ആശ്വാസമാകുന്ന ഒട്ടനവധി പദ്ധതികൾ നടപ്പാക്കുകയും ചെയ്തു. ഭൂപരിഷ്കരണ ബില്ലും പൊതു വിദ്യഭ്യാസ ബില്ലുമെല്ലാം ഇടതുപക്ഷത്തിന്റെ പ്രസക്തി രാജ്യത്തിനു കാട്ടിക്കൊടുത്തു എന്നാൽ വലതു പക്ഷത്തിന്റെയും മൂലധന ശക്തികളുടെയും നിരന്തരമായ വ്യാജ പ്രചാരവേലകളുടെ ഭാഗമായി തുടർന്നു വന്ന തിരഞ്ഞെടുപ്പുകളിൽ കമ്യൂണിസ്റ്റു പാർട്ടിക്ക് കാലിടറുന്നതാണ് ഇന്ത്യ കണ്ടത്.

സവർണ ഹിന്ദുത്വം ഇന്ത്യൻ ജനാധിപത്യത്തെയും മതേതരത്വത്തെയും അട്ടിമറിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി അതിന്റെ രൂപീകരണത്തിന്റെ നൂറാം വാർഷികം ആചരിക്കുന്നത് എന്നത് ഏറെ പ്രസക്തമാണ്. മതേതരത്വവും ജനാധിപത്യ വും സംരക്ഷിക്കാനും ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ വിമോചന സ്വപ്നങ്ങൾക്ക് നിറം പകരാനുമായുള്ള പോരാട്ടത്തിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നേതൃത്വപരമായ പങ്കു വഹിക്കാൻ സാധിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.

Leave a Reply