pravin_tambe_

ഇന്ത്യൻ ക്രിക്കറ്റ് ഉപയോഗപ്പെടുത്താതെ പോയ പലരിൽ ഒരാൾ ”പ്രവീൺ വിജയ് താംബേ”

എഴുത്ത് ; സുരേഷ് വാരിയത്ത്

Thanks for valuable infos Deepak Cm Former Kerala Ranji Trophy player, who played with and against Pravin Tambe….
ഹോളിവുഡിൽ 2002 ൽ ഇറങ്ങിയ “The Rookie” എന്നൊരു സിനിമയുണ്ട്. ഡെന്നിസ് ക്വായ്ഡ് (Dennis Quaid) എന്ന നടൻ തകർത്തഭിനയിച്ച ആ ചിത്രം പറഞ്ഞത്, ജീവിച്ചിരിക്കുന്ന ഒരാളെക്കുറിച്ചായിരുന്നു….. ജിം മോറിസ് എന്ന കഠിനാധ്വാനിയായ ബേസ്ബോൾ താരത്തെക്കുറിച്ച്. ലോകത്തെ ഏറ്റവും മികച്ച ബേസ്ബോൾ ലീഗായ അമേരിക്കയുടെ മേജർ ലീഗ് ബേസ്ബോളിൽ (MLB) Tamba Bay Devil Rays ടീമിനു വേണ്ടി അരങ്ങേറ്റം കുറിക്കുമ്പോൾ ജിമ്മിനു വയസ്സ് 35. കൈയിലാവട്ടെ നിരവധി തവണ ശസ്ത്രക്രിയ ചെയ്തതിൻ്റെ തിരുശേഷിപ്പുകളും…. ….. ബോളിവുഡിൽ അങ്ങനെ ഒരു ജീവചരിത്രം ആരെങ്കിലും അഭ്രപാളികളിൽ പകർത്താൻ ശ്രമിച്ചാൽ നായകനെക്കുറിച്ച് അധികമൊന്നും ആലോചിക്കേണ്ടി വരില്ല. പ്രധാന കഥാപാത്രം നമ്മുടെ തൊട്ടടുത്ത് തന്നെയുണ്ട്. മുംബൈയുടെ ക്രിക്കറ്റ് രക്തം സിരകളിൽ നിറച്ച പ്രവീൺ വിജയ് താംബേ..

praveen thambe

1971 ഒക്ടോബർ 8 ന് ജനിച്ച പ്രവീൺ ചെറുപ്പത്തിലെ പേസ് ബൗളിങ്ങ് ഭ്രമങ്ങളിൽ നിന്ന് സ്പിന്നിലേക്ക് തിരിഞ്ഞത് താൻ ജോലി ചെയ്ത കമ്പനിയായ ഓറിയന്റ് ഷിപ്പിങ്ങിനു വേണ്ടി കളിക്കുമ്പോൾ ക്യാപ്റ്റൻ അജയ് കദമിൻ്റെ ഉപദേശപ്രകാരമാണ്. ശിവാജി പാർക്ക് ജിംഖാന ടീമിൽ അംഗമായി കാംഗാ ലീഗിൽ സ്ഥിര സാന്നിധ്യമായ താംബെയുടെ സ്പിൻ മികവ് സന്ദീപ് പാട്ടീൽ തുടങ്ങിയവരുടെ പ്രശംസ നേടിയെടുത്തു.
90 കളുടെ അവസാനം മുംബൈയിൽ ടെസ്റ്റ് കളിക്കാൻ വന്ന ഓസീസിനും ഇന്ത്യക്കുമെതിരെ നെറ്റ്സിൽ പന്തെറിഞ്ഞ ആ 27കാരന് പക്ഷേ ഒരിക്കലും ആഭ്യന്തര ക്രിക്കറ്റിൽ പോലും ഇടം കിട്ടിയില്ല. 2000 ൽ കെനിയക്കെതിരെ കളിച്ച മുംബൈ ക്ലബ് ടീമിൽ അയാളൊന്ന് മുഖം കാണിച്ചു. അതിനിടയ്ക്ക് ഇംഗ്ലീഷ് ടീമായ ലിവർപൂളിനു വേണ്ടി അവരുടെ പ്രാദേശിക ടൂർണമെൻറുകളിൽ ചില മത്സരങ്ങളും……
2000ന്റെ അവസാനങ്ങളിൽ ഓറിയൻ്റ് ഷിപ്പിങ്ങ് കമ്പനി പ്രവർത്തനം അവസാനിപ്പിച്ചതോടെ മുൻ ഇന്ത്യൻ താരവും സഹപ്രവർത്തകനുമായ അബി കുരുവിളയുടെ കൂടെ D Y പാട്ടീൽ ടീമിലെത്തിയ താംബേ, അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ മികച്ച പ്രകടനമാണ് ക്ലബ് മൽസരങ്ങളിൽ കാഴ്ച വച്ചത്. കോർപ്പറേറ്റ് ടീമുകൾ തമ്മിലുള്ള ടൈം ഷീൽഡ് ടൂർണമെൻറിൽ താംബേയുടെ കൂടി മികവിൽ DYപാട്ടീൽ ടീം ചാമ്പ്യൻമാരായി. കൂടാതെ ഇന്ത്യയിലെ മികച്ച T20 ഫ്ലഡ് ലൈറ്റ് ടൂർണമെൻ്റായ DY പാട്ടീൽ ടൂർണമെൻറിലും അദ്ദേഹം തൻ്റെ വിജയഗാഥ തുടർന്നു.

praveen thambe

കമ്രാൻ ഖാനെപ്പോലുള്ളവരെ ടീമിലെടുത്ത IPL ടാലൻ്റ് സ്കൗട്ട് ടീം തന്നെയാണ് താംബെയെയും മുംബെയുടെ ഗലികളിൽ നിന്ന് കണ്ടെടുത്തത്. രാഹുൽ ദ്രാവിഡിൻ്റെ കണ്ണിലുടക്കിയ താംബേ 2013 ൽ രാജസ്ഥാൻ റോയൽസിനായി ആദ്യ IPL മത്സരത്തിന് ഇറങ്ങുമ്പോൾ പ്രായം 41 വയസ്സ്. IPL ൽ കാര്യമായി തിളങ്ങിയില്ലെങ്കിലും ചാമ്പ്യൻസ് ലീഗിൽ 12 വിക്കറ്റ് നേടി റോയൽസിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. കൂടുതൽ വിക്കറ്റ് നേടിയതിനുള്ള ഗോൾഡൻ വിക്കറ്റ് അവാർഡ് അദ്ദേഹത്തിന്നു തന്നെയായിരുന്നു.
2014 സീസണിൽ പക്ഷേ കഥ മാറി. കൊൽക്കത്തക്കെതിരെ രണ്ടു പന്തിൽ നേടിയ ഹാട്രിക്കടക്കം മികച്ച പ്രകടനം കാഴ്ചവച്ച താംബേ, പ്രായം വെറും അക്കങ്ങളിൽ മാത്രമാണെന്ന് തെളിയിച്ചു കൊണ്ടിരുന്നു. ഇക്കാലയളവിൽ തന്നെ ആദ്യമായി മുംബൈ രഞ്ജി ടീമിലേക്കും ലിസ്റ്റ് A ടീമിലേക്കും അദ്ദേഹത്തിന് വിളി വന്നു. ആധുനിക കാല ക്രിക്കറ്റിൽ ഇന്ത്യൻ ആഭ്യന്തര മത്സരങ്ങളിൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായമേറിയ വ്യക്തി ഒരു പക്ഷേ ഈ 41 കാരനാവാം.

praveen thambe

2017ൽ സൺ റൈസേഴ്സ് ഹൈദരാബാദിലെത്തിയ താംബേ ഇക്കഴിഞ്ഞ കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിൻ്റെ ഭാഗമായപ്പോൾ പിറന്നത് രണ്ട് ചരിത്രങ്ങളായിരുന്നു. ലീഗ് കളിക്കുന്ന ഏറ്റവും പ്രായമേറിയ താരവും ആദ്യ ഇന്ത്യൻ താരവും- (മുൻ ഇന്ത്യാ അണ്ടർ 19 താരം സണ്ണി സൊഹൽ CPL കളിച്ചെങ്കിലും അദ്ദേഹം നിലവിൽ അമേരിക്കൻ പൗരനാണ്) -ഈ 49 കാരനാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അദ്ദേഹത്തെ IPL ടീമിൽ ഉൾപ്പെടുത്തിയെങ്കിലും, T10 ലീഗിൽ പങ്കെടുത്തെന്ന കാരണത്താൽ പക്ഷേ ഇത്തവണ IPL അദ്ദേഹത്തിന് നഷ്ടമായി. രാഹുൽ ദ്രാവിഡ് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ മതി, ഈ കഠിനാധ്വാനിയെപ്പറ്റി മനസ്സിലാക്കാൻ – “What a story. For some one who has not even got a chance to play first class cricket and worked hard all these years in Kanga League, its terrific story”…..

അബി കുരുവിളയുടെ വാക്കുകൾ കടമെടുത്താൽ പേസ് ബൗളറായി തുടങ്ങി, ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കല എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലെഗ് സ്പിന്നിൽ നേട്ടങ്ങൾ കൊയ്ത ഇന്ത്യൻ വിസ്മയം….. ഇന്ത്യൻ ക്രിക്കറ്റ് ഉപയോഗപ്പെടുത്താതെ പോയ പലരിൽ ഒരാൾ. ഒരു പക്ഷേ കുംബ്ലെയുടെ കാലത്ത് കളിച്ച അനന്തനെപ്പോലെ, വെങ്സാർക്കറുടെ കാലത്ത് കളിച്ച ഭാസ്കർ പിള്ളയെ പോലെ, IPL ഇല്ലായിരുന്നെങ്കിൽ സായ് രാജ് ബഹുതുലെയുടെ നിഴലിലാവുമായിരുന്നു താംബേയും…. ജോൺ ട്രൈക്കോസിനെയും ബ്രാഡ് ഹോഗിന്നെയും കുറിച്ച് പറയുന്നവരോട് നമുക്കും അഭിമാനത്തോടെ പറയാം, കംഗാം ലീഗിലും ടൈം ഷീൽഡിലും ക്ലബ് ക്രിക്കറ്റിലുമെല്ലാം ഒരിക്കലും തളരാതെ പന്തെറിഞ്ഞ് , പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചു തന്ന പ്രവീൺ താംബെയെക്കുറിച്ച് .

Leave a Reply