imran hashmi

ഇമ്രാൻ ഹാഷ്മി 42 ന്റെ നിറവിൽ; അറിഞ്ഞതും അറിയാത്തതും

എഴുത്ത് ; ഹിമൽ ലാൽ പാട്ട്യയം

വിക്രം ഭട്ട് സംവിധാനം ചെയ്ത കസൂർ (2001), റാസ് (2002) എന്നീ ചിത്രങ്ങളിലൂടെ അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ചാണ് ‘ഇമ്രാൻ ഹാഷ്മി’ സിനിമ മേഖലയിൽ എത്തുന്നത്. പിന്നീട് ഈ രണ്ട് ചിത്രങ്ങളുടെ നിർമ്മാതാവും തൻ്റെ അമ്മാവനുമായ മഹേഷ് ഭട്ടിൻ്റെ നിർദേശപ്രകാരം സിനിമാഭിനയത്തിന് തുടക്കം കുറിച്ചു. ആദ്യ ചിത്രം അക്കാലത്തെ ബോളിവുഡ് സെൻസേഷൻ ‘കഹോ നാ പ്യാർ ഹെ’ ഫെയിം അമീഷ പട്ടേലുമായ് തീരുമാനിച്ചു. ‘യേ സിന്ദഗി കാ സഫർ’ എന്ന് പേരിട്ട ചിത്രം ഫോട്ടോഷൂട്ട് എല്ലാം കഴിഞ്ഞ് ചിത്രീകരണത്തിൻ്റെ ആദ്യ ദിവസം തന്നെ മുടങ്ങി. ഇമ്രാന് അഭിനയിക്കാൻ അറിയില്ല, ചിത്രം പരാജയമാകുമോ എന്ന് താൻ ഭയക്കുന്നുവെന്നും പറഞ്ഞ് നായിക തന്നെ പിന്മാറുകയായിരുന്നു. ശേഷം ഇമ്രാന് പകരം ജിമ്മി ഷേർഗിലിനെ വെച്ച് ചിത്രം പൂർത്തിയാക്കിയെങ്കിലും തീയേറ്ററിൽ തകർന്നടിയുകയാണ് സംഭവിച്ചത്.

imran hashmi

പിന്നീട് വിക്രം ഭട്ട് സംവിധാനം ചെയ്ത ‘ഫുട്പാത്ത്’ (2003) എന്ന ചിത്രത്തിൽ നായകനായ അഫ്താഭിൻ്റെ സുഹൃത്തായായിരുന്നു ഇമ്രാൻ്റെ ബോളിവുഡ് അരങ്ങേറ്റം. ചിത്രം തീയറ്ററിൽ വലിയ ചലനം സൃഷ്ടിച്ചില്ലെങ്കിലും പുള്ളിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ശേഷം അതേ ബാനറിൽ തന്നെ (വിശേഷ് ഫിലിംസ്) വന്ന ‘മർഡർ’ എന്ന ചിത്രമാണ് ഇമ്രാൻ്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായത്. ചുരുങ്ങിയ ബഡ്ജറ്റിൽ എടുത്ത ചിത്രം തീയേറ്ററിൽ ബ്ലോക്ബസ്റ്ററായി. ചിത്രത്തിലെ ഇമ്രാൻ-മല്ലിക ചുംബനരംഗങ്ങൾ അന്നതെ പോലെ ഇന്നും ചൂടാറാതെ നിൽക്കുന്നു. പിന്നീട് ഇതേ ഫോർമാറ്റിൽ യുവാക്കളുടെ പൾസറിഞ്ഞ് ചുംബന രംഗങ്ങളും ത്രില്ലിംഗ് എലമൻ്റ്സും മികച്ച ഗാനങ്ങളും കോർത്തിണക്കി ഒട്ടേറെ ചിത്രങ്ങൾ ഇമ്രാൻ്റേതായി പുറത്തിറങ്ങി. ഇതിൽ രണ്ടു മൂന്നെണ്ണം തീയേറ്ററിൽ തകർന്നടിഞ്ഞെങ്കിലും ബാക്കിയുള്ളവ സാമ്പത്തിക വിജയം നേടി. സെഹർ, ഗ്യാങ്സ്റ്റർ, ആഷിക് ബനായ ആപ്നേ, അക്‌സർ തുടങ്ങിയവ അത്തരത്തിൽ ശ്രദ്ധിക്കപ്പെട്ടവയാണ്. ആഷിക് ബനായ ടൈറ്റിൽ ഗാനം യൂട്യൂബിൽ 300 മില്യൺ പിന്നിട്ടത് ഈ അവസരത്തിൽ ഓർക്കുന്നു.

imran hashmi

തൻ്റെ ചിത്രങ്ങളിലെ തുടരെ തുടരെയുള്ള ചുംബനരംഗങ്ങൾ അദ്ദേഹത്തെ ബോളിവുഡിൽ ‘സീരിയൽ കിസ്സർ’ എന്ന പേരിന് അർഹനാക്കി. ഇത് ഇമ്രാൻ പടങ്ങളെല്ലാം ഒരേ ഫോർമാറ്റിലാണെന്നും കുടുംബ പ്രേക്ഷകർക്ക് പറ്റിയവയെല്ലെന്നുമുള്ള വിമർശനങ്ങൾക്ക് വഴിയൊരുക്കി. അതിൽ നിന്നുള്ള മോചനം എന്ന വിധം പുറത്തിറങ്ങിയ ചിത്രമായിരുന്നു 2007 ൽ ‘മോഹിത് സൂരി’ സംവിധാനം ചെയ്ത ‘ആവാരാപൻ’. അതുവരെയുള്ള ഇമ്രാൻ ഹാഷ്മിയെ ആയിരുന്നില്ല ചിത്രത്തിൽ കണ്ടത്, തൻ്റെ കരിയറിലെ ഏറ്റവും മികച്ച പെർഫോർമൻസ് എന്ന് ആരാധകരും നിരൂപകരും ഒരു പോലെ വിധിയെഴുതി. ചിത്രം കണ്ട് കഴിഞ്ഞ് നിരൂപകൻ സുഭാഷ് ജാ കുറിച്ചത് ഇപ്രകാരമാണ്… “ഇമ്രാൻ ഹാഷ്മി ഒരു ഓന്തിനെ പോലെ അഭിനയിച്ചിരിക്കുന്നു. ഓന്ത് നിറം മാറും പോലെ എത്ര അനായാസമായാണ് അദ്ദേഹം ഇമോഷൻസ് കൈകാര്യം ചെയ്യുന്നത്”. ഷാരൂഖ് ഖാന് ശേഷം ഇത്രയും തീവ്രമായ കണ്ണുകൾ താൻ മറ്റൊരു നടനിൽ കണ്ടിട്ടില്ല എന്നും അദ്ധേഹം കൂട്ടിച്ചേർത്തു. ഇന്നും ഇമ്രാൻ ഹാഷ്മിയുടെ ഏറ്റവും മികച്ച ചിത്രമായി ‘ആവാരാപൻ’ തന്നെയാണ് പരിഗണിക്കപ്പെടുന്നത്. പക്ഷെ എന്തുകൊണ്ടോ വലിയ ചിത്രങ്ങളുമായുള്ള ക്ലാഷ് റിലീസും ചുംബന രംഗങ്ങളില്ല എന്ന കാരണവും കൊണ്ട് ആ മഹത്തായ ചിത്രം തീയേറ്ററിൽ ശരാശരിയിൽ ഒതുങ്ങുകയാണ് ഉണ്ടായത്. എങ്കിലും ചിത്രം കണ്ടവർ എല്ലാവരും അതിനെ ഇന്നും വാഴ്ത്തുന്നു ഒരു കൾട്ട്-ക്ലാസ്സിക് ചിത്രം പോലെ.

പിന്നീട് 2008 ലാണ് ഇമ്രാൻ്റെ അഭിനയജീവിതത്തിലെ വൻ വഴിത്തിരിവായ ചിത്രം ‘ജന്നത്’ പുറത്തിറങ്ങുന്നത്. ആദ്യ IPL സീസണിൻ്റെ കൂടെ റിലീസ് ചെയ്ത ചിത്രത്തിൽ ക്രിക്കറ്റ് വാതുവെപ്പ് ആയിരുന്നു പ്രധാന വിഷയം. IPL നടന്നുകൊണ്ടിരിക്കെ തന്നെ ചിത്രം എല്ലാ സെൻ്ററുകളിലും ഹൗസ്ഫുൾ ഷോകൾ പൂർത്തിയാക്കി തൻ്റെ തന്നെ ചിത്രമായ മർഡറിൻ്റെ ഫൈനൽ കളക്ഷൻ റെക്കോർഡ് തകർത്തു. ഇമ്രാൻ ഹാഷ്മി എന്ന നടനിൽ നിന്ന് താരത്തിലേക്കുള്ള മാറ്റമാണ് ജന്നതിലൂടെ ഉണ്ടായത്. ഏറ്റവും കൂടുതൽ കുടുംബ പ്രേക്ഷകർ കണ്ട ചിത്രവും ഏറ്റവും കൂടുതൽ ഇമ്രാൻ ഹാഷ്മി ആരാധികമാർ ഉണ്ടാവാൻ കാരണമായ ചിത്രവും ‘ജന്നത്’ ആണ്. ചിത്രത്തിലെ റിംഗ് സീൻ, പ്രൊപോസിങ് സീൻ തുടങ്ങി ക്ലൈമാക്സ് സീൻ വരെ ഇന്നും വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളായി പ്രചരിക്കപ്പെടുന്നു.
ഇമ്രാൻ ഹാഷ്മി ചിത്രങ്ങളെ കുറിച്ച് പറയുമ്പോൾ എടുത്തു പറയേണ്ട ഒന്നാണ് അതിലെ ഗാനങ്ങൾ. കാരണം ബോളിവുഡിൽ ‘ഗോഡ് ഓഫ് ഹിറ്റ് സോങ്സ്’ എന്നാണ് പുള്ളി അറിയപ്പെടുന്നത്. പടം ഓടിയെങ്കിലും പാട്ടുകൾ വേറെ ലെവൽ ആകുമെന്ന് എല്ലാവർക്കുമറിയാം. സംഗീതം പ്രീതം, ഹിമേഷ് റെഷമിയ, മിതൂൻ..etc ആണെങ്കിൽ പിന്നെ പറയുകയേ വേണ്ട. ബോളിവുഡിലെ ഏറ്റവും മികച്ച പിന്നണി ഗായകനും മലയാളിയും കൂടിയായ “KK” ആണ് ഇമ്രാന് വേണ്ടി ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്, ഏകദേശം 40 ന് അടുത്ത് വരും. പാകിസ്ഥാനി ഗായകരായ ‘അതിഫ് അസ്ലം’, ‘മുസ്തഫ സാഹിദ്’ എന്നിവർ തങ്ങളുടെ ആദ്യ ബോളിവുഡ് ഗാനം ആലപിച്ചതും ഇമ്രാന് വേണ്ടിയാണ്.
2009 ന് ശേഷം വളരെ നല്ല സമയം ആയിരുന്നു ഇമ്രാൻ്റേത്. വൺസ് അപോൻ എ ടൈം ഇൻ മുംബൈ, മർഡർ 2, ദ ഡേർടി പിക്ചർ, ജന്നത് 2, റാസ് 3 എന്നിങ്ങനെ തുടരെ തുടരെ ഹിറ്റുകൾ അദ്ദേഹത്തെ അവിടെ ‘ഹിറ്റ് മാൻ ഹാഷ്മി’ ആക്കിമാറ്റി. ‘റാസ് 3D’ (10.6 Cr) കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗ് കളക്ഷൻ സാക്ഷ്യപ്പെടുത്തിയപ്പോൾ ‘വൺസ് അപോൻ എ ടൈം ഇൻ മുംബൈ’ 150 ദിവസത്തിന് മുകളിൽ മുംബൈ സെൻ്ററുകളിൽ പ്രദർശനം തുടർന്നു.

imran hashmi


പിന്നീടങ്ങോട്ട് 2013 ന് ശേഷമാണ് ഇമ്രാൻ്റെ കരിയറിൽ മങ്ങലേൽക്കുന്നത്. നിരസിച്ച ചിത്രം ‘ആഷിക്വി 2’ സൂപ്പർ ഹിറ്റ് ആയി. അതിൻ്റെ തന്നെ സംവിധായകൻ മോഹിത് സൂരിയുടെ ‘ഹമാരി അധൂരി കഹാനി’ വളരെ മികച്ച ചിത്രമായിട്ട് കൂടി ശരാശരിയിൽ ഒതുങ്ങി. അതേ സമയം തന്നെ മകന് ക്യാൻസർ പിടിപെട്ടു. വലിയ പ്രതീക്ഷയോടെ വന്ന ‘മിസ്റ്റർ X’, ‘അസർ’ എന്നീ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയി. റഷ്, ഏക് ധി ദായൻ, ഘഞ്ചക്കർ, രാജ നട്വർലാൽ, റാസ് റീബൂട്ട് തുടങ്ങിയ ചിത്രങ്ങൾക്കും മറിച്ചായിരുന്നില്ല അവസ്ഥ. ഇതിനിടയിൽ ആശ്വാസമെന്നോണം തൻ്റെ മകൻ്റെ കാൻസറിനെ പറ്റിയും വ്യക്തി ജീവിതത്തെ പറ്റിയും എഴുതിയ “ദ കിസ്സ് ഓഫ് ലൈഫ്” എന്ന പുസ്തകം ഇന്ത്യയിലെ ബെസ്റ്റ് സെല്ലറിൽ ഒന്നായ് മാറി. മകൻ്റെ ക്യാൻസർ ഇമ്രാനെ പാവപ്പെട്ട ക്യാൻസർ രോഗികൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ പ്രേരിപ്പിച്ചു. അങ്ങനെ BPL ക്യാൻസർ രോഗികൾക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ സൗജന്യ ഓപ്പൺ കാൻസർ കെയർ ഹോസ്പിറ്റൽ തുടങ്ങുവാനുള്ള സഹായവും ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
ആദ്യ സിനിമകളിലെ ബാഡ് ബോയ് ഇമേജ് എന്നതിനപ്പുറം വ്യക്തിജീവിതത്തിൽ എങ്ങനെയാണ് ഇമ്രാൻ ഹാഷ്മി എന്ന് പലർക്കും അറിയില്ല. പുകവലി, മദ്യപാനം എന്നിങ്ങനെ ഒരു ദുശീലവുമില്ലാത്ത ഇമ്രാൻ തൻ്റെ സഹപാഠിയായിരുന്ന പർവീൺ ശഹാനിയെ തന്നെയാണ് വിവാഹം കഴിച്ചത്. ആമിർഖാനെ പൊലെ തന്നെ പാർട്ടികൾ, അവാർഡ് ഫംഗ്ഷനുകൾ എന്നിവയിൽ നിന്നും അദ്ധേഹം എപ്പോഴും വിട്ട് നിൽക്കുന്നു. ബോളിവുഡിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ ‘മോഹിത് സൂരി’, നടിമാരായ ‘പൂജ ഭട്ട്’, ‘ആലിയ ഭട്ട്’ എന്നിവർ ഇമ്രാൻ്റെ കസിൻസ് ആണ്.

ഇന്നും ഇമ്രാൻ ഹാഷ്മി എന്ന് കേൾക്കുമ്പോൾ പലരുടെയും ചിന്തയിൽ ആദ്യം വരുന്നത് ആ പഴയ സിനിമകളിലെ സീരിയൽ കിസ്സർ തന്നെയാണ്. മാറ്റം ആരും അംഗീകരിക്കുന്നില്ല. ഷാങ്ഹായ്, ടൈഗേഴ്സ് തുടങ്ങിയ ചിത്രങ്ങളിലെ ക്ലാസ്സ് പ്രകടനങ്ങൾ വലിയ രീതിയിൽ പ്രശംസ അർഹിച്ചിരുന്നുവെങ്കിലും അങ്ങനെയൊന്നുണ്ടായില്ല. സിനിമയിൽ എന്ത് കോപ്രായം കാണിച്ചാലും സപ്പോർട്ട് കിട്ടുന്ന താരപുത്രന്മാർ ഇമ്രാൻ ഹാഷ്മി വെറും 5 മിനുട്ടുള്ള സോങ്ങിന് വേണ്ടി കൊടുക്കുന്ന പ്രയത്നം കണ്ട് പഠിക്കേണ്ടതുണ്ട്. ഈ അടുത്തായ് പുറത്തിറങ്ങിയ ‘ലുട്ട് ഗയേ’ എന്ന ഗാനം ഇത് വീണ്ടും വ്യക്തമാക്കുന്നു. വെറും ഒരു മാസം കൊണ്ട് 283 മില്യൺ കാഴ്ചകാരുമായ് ലുട്ട് ഗയേ യൂട്യൂബിൽ മുന്നേറുകയാണ്. അധികം വൈകാതെ തന്നെ 1 ബില്യൺ പ്രതീക്ഷിക്കാം. എങ്കിലും സിനിമ മേഖലയിൽ ഇപ്പോഴും വലിയ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുക തന്നെയാണ് ഇമ്രാൻ, ഒരു തിരിച്ചുവരവ് അദ്ദേഹത്തിന് കൂടിയേ തീരൂ… അദ്ദേഹം ആ പഴയ പ്രതാപത്തോടുകൂടി തിരിച്ച് വരുമെന്ന് പ്രത്യാശിക്കാം.
അമിതാഭ് ബച്ചനോട് ഒന്നിച്ചുള്ള ‘ചെഹരേ’, വില്ലൻ വേഷത്തിൽ വീണ്ടും തിരിച്ചെത്തുന്ന സൽമാൻ ഖാൻ ചിത്രം ‘ടൈഗർ 3’, മലയാള ചിത്രം എസ്രയുടെ റീമേക്ക് ‘എസ്ര’, ഫാദർസ് ഡേ, വായുസേന, സബ് ഫസ്റ്റ് ക്ലാസ് ഹെ തുടങ്ങിയ ചിത്രങ്ങളാണ് ഇമ്രാൻ്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.

Leave a Reply