bangal

കൈവണ്ടി റിക്ഷക്കാരനിൽ നിന്ന് നിയമസഭാ സമാജികനിലേക്ക്

എഴുത്ത്; സഹദേവൻ കെ

ഇത് മനോരഞ്ജൻ ബ്യാപാരി, കൊൽക്കത്ത ന​ഗരത്തിലെ തിരക്കേറിയ വീഥികളിൽ കൈവണ്ടി റിക്ഷ വലിച്ച് പോകുന്ന ബ്യാപാരിയെ അടുത്തകാലം വരെ ആളുകൾ കണ്ടിട്ടുണ്ടാകും. മനോരഞ്ജൻ ബ്യാപാരി ഇപ്പോൾ പശ്ചിമ ബം​ഗാൾ നിയമസഭയിലെ ത്രിണമൂൽ കോൺ​ഗ്രസ് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടു.
മനോര‍ഞ്ജൻ ബ്യാപാരിയുടെ ജീവിതം സംഭവ ബഹുലമാണ്. അദ്ദേഹം തന്നെ തന്റെ ജീവിതത്തെക്കുറിച്ച് പുസ്തകമെഴുതിയിട്ടുണ്ട്. ‘ഇതിബൃത്തേ ചണ്ഡാല ജീബന’- ഇന്ത്യൻ ദളിത് ജീവിതത്തെക്കുറിച്ചുള്ള ഹൃദയ സ്പർശിയായ ഒരു പുസ്തകമാണത്. Interrogating My Chandal Life എന്ന പേരിൽ സിർപാ മുഖർജി അത് ഇം​ഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ബം​ഗാൾ സാഹിത്യ അക്കാദമിയുടേതടക്കം നിരവധി അവാർഡുകൾ നേടിയ കൃതി കൂടിയാണത്. ഇതുകൂടാതെയും ഒട്ടനവധി പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. 2020ൽ സ്ഥാപിതമായ ദളിത് സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായി മനോരഞ്ജൻ ബ്യാപാരി നിയമിക്കപ്പെട്ടു.

മനോരജ്ഞൻ ബ്യാപാരിയെ ഞാനറിയുന്നത്, ശങ്കർ ​ഗുഹാ നിയോ​ഗിയുടെ സഹപ്രവർത്തകൻ എന്ന നിലയിലാണ്. 80കളുടെ ഒടുവിൽ അദ്ദേഹം ഡാല്ലി രാജഹാരയിൽ നിയോ​ഗിയോടുത്ത് പ്രവർത്തിച്ചിരുന്നു. നിയോ​ഗിയുടെ രക്തസാക്ഷിത്വത്തിന് ശേഷം ബ്യാപാരി കൊൽക്കത്തയിലേക്ക് തിരിച്ചുവരികയും ജാദവ്പൂർ പ്രദേശത്ത് റിക്ഷ വലിക്കുന്ന തൊഴിലിൽ ഏർപ്പെടുകയും ചെയ്തു.
‘ശങ്കർ ​ഗുഹാ നിയോ​ഗി: ചിന്തയും പ്രയോ​ഗവും’ എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിലേക്കുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് നിയോ​ഗിയുടെ പഴയകാല സഖാക്കളുമായി കൂടിക്കാഴ്ച നടത്തിവരുന്നതിനിടയിൽ ഡോ.പുണ്യബ്രത ​ഗുൺ, ബിനായക് സെൻ, വിജേന്ദ്ര തുടങ്ങി നിരവധി പഴയ കോമ്രേഡുകൾക്കൊപ്പം മനോരഞ്ജൻ ബ്യാപാരിയുമായും സംസാരിക്കാനിട വന്നിട്ടുണ്ട്.
മനോരഞ്ജൻ ബ്യാപാരി തൃണമൂൽ കോൺ​ഗ്രസിൽ ചേരുന്നത് ഈ വർഷം ഫെബ്രുവരിയിൽ മാത്രമാണ്. ഹൂബ്ലി ജില്ലയിലെ ബാല​ഗഢ് നിയോജക മണ്ഡലത്തിൽ നിന്നും 6000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർത്ഥിയെ തോൽപ്പിച്ചുകൊണ്ട് അദ്ദേഹം നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

Leave a Reply