kaanthari

കൈ നിറയെ കാന്താരി മുളക് ലഭിക്കാന്‍ ചില സൂത്രങ്ങള്‍

ഔഷധ ഗുണങ്ങള്‍ ഏറെയുള്ള മുളക് ഇനമാണ് കാന്താരി. കടുത്ത എരിവുള്ളതിനാല്‍ പലപ്പോഴും അടുക്കളയില്‍ വലിയ സ്ഥാനം കാന്താരിക്ക് വീട്ടമ്മമാര്‍ നല്‍കാറില്ല. എന്നാല്‍ പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കാന്‍ കാന്താരിക്കുള്ള കഴിവ് കണ്ടെത്തിയതോടെ വിലയും ഡിമാന്‍ഡും കൂടി തുടങ്ങി. 1000 രൂപ വരെ ഒരു കിലോ കാന്താരി മുളകിന് വിലയെത്തി. ഇതോടെ കാന്താരി മുളക് കൃഷി ചെയ്യുന്നവരുടെ എണ്ണവും വര്‍ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. തികച്ചും ജൈരീതിയില്‍ വളര്‍ത്താവുന്ന ഇനം കൂടിയാണിത്. കാന്താരിയില്‍ നിന്നു നല്ല വിളവ് ലഭിക്കാനുള്ള ചില മാര്‍ഗങ്ങള്‍ ഇതാ.

തൈ നടുമ്പോള്‍ ചാരം കൂടുതല്‍ ചേര്‍ക്കാതെ സൂക്ഷിക്കുക.

കാന്താരി മുളകിന്റെ എരിവാണ് അതിന്റെ ഔഷധ ഗുണം. എരിവ് കൂടുന്നതിന് അനുസരിച്ച് ഗുണവും കൂടുമെന്നു സാരം. പാണല്‍ എന്ന ചെടിയുടെ ഇല വളമായി തടത്തിലിട്ടു കൊടുക്കുക. എരിവ് കൂടുതലുള്ള മുളക് ഉണ്ടാകും, ഇതോടൊപ്പം ഗുണവും കൂടും.

പച്ചച്ചാണകം വെള്ളത്തില്‍ ചേര്‍ത്ത് കലക്കി ഒഴിക്കുന്നത് മുളക് നന്നായി ഉണ്ടാകാനും ചെടി ആരോഗ്യത്തോടെ വളരാനും സഹായിക്കും.

ഓണക്കാലത്ത് തുമ്പച്ചെടി നമ്മുടെ പറമ്പിലെല്ലാം വളര്‍ന്നുവരും. ഇതു പറിച്ചെടുത്ത് കാന്താരിയുടെ തടത്തിലിട്ടു കൊടുത്താല്‍ നല്ലപോലെ വിളവ് ലഭിക്കും.

ഗ്രോബാഗില്‍ നട്ട ചെടിയില്‍ നിന്നു നല്ല പോലെ ഫലം ലഭിക്കാന്‍ കടലപ്പിണ്ണാക്ക്, പച്ചച്ചാണകം എന്നിവ വളമായി ഉപയോഗിക്കുക. മേല്‍പ്പറഞ്ഞ പലതും നഗരത്തില്‍ ലഭിക്കാന്‍ പ്രയാസമുള്ളതായിരിക്കും.

ശീമക്കൊന്നയുടെ ഇലയും കാന്താരി നന്നായി വളരാന്‍ നല്ലതാണ്.

കോഴിക്കാഷ്ഠം വളമായി നല്‍കുകയാണെങ്കില്‍ പഴകിയ കാഷ്ഠം നല്‍കാന്‍ ശ്രമിക്കുക. ചുരുങ്ങിയത് അഞ്ചു മാസത്തെയെങ്കിലും പഴക്കമുള്ള കോഴിക്കാഷ്ഠം ഉപയോഗിച്ചാല്‍ മതി.

Courtesy; http://krishibhumi.com/

Leave a Reply