mayday

കൊറോണക്കാലത്ത് പൊട്ടിക്കേണ്ട ചങ്ങലകൾ

ഇന്ന് മെയ് ഒന്ന്,അന്താരാഷ്ട്ര തൊഴിലാളി ദിനം.
1886 ൽ അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന ഹേയ് മാർക്കറ്റ് കലാപത്തിന്റെ ഓർമയ്‌ക്കായാണ് വർഷം തോറും തൊഴിലാളി ദിനം ആചരിക്കുന്നത്. 8 മണിക്കൂറിൽ കൂടുതൽ പണിയെടുക്കില്ലെന്ന് തൊഴിലാളി യൂണിയനുകൾ സംഘടിച്ചു തീരുമാനമെടുക്കുകയുണ്ടായി. തൊഴിലാളികൾ ഒന്നിച്ചു പണിമുടക്ക്‌ ആരംഭിച്ചു. ഇതിനിടെ ചിക്കാഗോയിലെ ഹേയ് മാർക്കറ്റിൽ ഒരു ബോംബ് സ്ഫോടനം നടന്നു. സമാധാനപരമായി സംഘടിച്ച തൊഴിലാളികളുടെ ഇടയിലേക്ക് ഒരു അജ്ഞാതൻ ബോംബെറിയുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസിന്റെ വെടിവെപ്പിൽ നിരവധി തൊഴിലാളികൾ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

1904 ൽ ആംസ്റ്റർഡാമിൽ വച്ചു നടന്ന അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസിന്റെ വാർഷിക യോഗത്തിൽ എട്ടു മണിക്കൂർ ജോലി സമയം ആക്കിയതിന്റെ വാർഷികമായി മെയ് ഒന്ന് തൊഴിലാളിദിനമായി ആഘോഷിക്കുവാൻ തീരുമാനമായി. മെയ് ഒന്നാം തീയതി അങ്ങനെ ലോകമെമ്പാടുമുള്ള തൊഴിലാളികൾ മെയ്ദിനറാലികളും പ്രകടനങ്ങളുമായി തൊഴിലാളിദിനം ആഘോഷിക്കുവാൻ ആരംഭിച്ചു.

ഇന്ത്യൻ തൊഴിലാളിയുടെജോലിസമയം 8 മണിക്കൂറായി നിയമപരമായ ക്രമീകരണം നടത്തിയത് ഡോ. അംബേദ്കർ ആയിരുന്നു. തൊഴിൽസമയം 14 മണിക്കൂറിൽ നിന്നും എട്ടു മണിക്കൂറായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് 1942 നവംബറിൽ നടന്ന ഇന്ത്യൻ ലേബർ കോൺഫറൻസിൽ അംബേദ്കർ അവതരിപ്പിച്ച പ്രമേയം പാസ്സാക്കപ്പെട്ടു. തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ പദ്ധതികൾ ഉൾപ്പെടെ സുപ്രധാനമായ ചില തൊഴിൽനിയമങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചു. സ്ത്രീ പുരുഷ ഭേദമന്യേ തൊഴിലാളികൾക്ക് തുല്യവേതനം ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. സ്ത്രീ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന നിയമങ്ങളിലും അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നു. ജാതിവിഭജനം ശക്തമായി നിലനിൽക്കുന്ന ഇന്ത്യ പോലൊരു രാജ്യത്തെ അവയെ മറികടന്നുകൊണ്ട് തൊഴിലാളികൾ സംഘടിക്കുക എന്നത് അസാധ്യമാണെന്ന വിമർശനം അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.

ambedkkar
Dr. Ambedkar, Founder and Chairman, the Peple’s Education Society; in his office at Siddharth College, Anand Bhawan, Fort, Mumbai in 1946.

ഈയൊരു മെയ്ദിനം കടന്നുപോകുന്നത് അതിജീവനാർത്ഥം സംഘടിച്ചു വീട്ടിലിരിക്കുന്ന തൊഴിലാളിജനതയ്ക്കിടയിലൂടെയാണ്. തൊഴിലാളികളായ കോടിക്കണക്കിന് ആളുകൾ വീട്ടിനകത്ത് അടച്ചിരിക്കുന്നു. പണിയില്ലാതെ പുറത്തിറങ്ങാൻ കഴിയാതെ വീട്ടിൽ തുടരേണ്ടിവരുന്ന ദിവസങ്ങളും കടന്നുപോകും എന്ന പ്രതീക്ഷയിലാണ് ഇവരൊക്കെ മുന്നോട്ടുപോകുന്നത്.

ഇവർക്ക് പിന്തുണയുമായി സർക്കാർ ഒപ്പമുണ്ട്. അതേ സമയം മാർക്കറ്റുകളിൽ നിത്യോപയോഗസാധനങ്ങൾ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന ചുമട്ടുതൊഴിലാളികൾ ഉൾപ്പെടുന്ന തൊഴിലാളികളുടെ കൂട്ടം ഇപ്പോഴും സജീവമാണ്. ഈയൊരു തൊഴിലാളിദിനത്തിൽ പ്രകടനങ്ങളോ റാലികളോ ഒന്നുമില്ല. ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഇത്തവണ സംഘടനകൾ മെയ്ദിനം ആചരിക്കുന്നത്.

Leave a Reply