തമിഴ് സിനിമയും തമിഴ്നാട് അരസിയലും

എഴുത്ത് ; അർജുൻ ഉണ്ണി

താൻ രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിന്മാക്കുകയാണെന്നു കഴിഞ്ഞ ദിവസമാണ് രജനീകാന്ത് അറിയിച്ചത്. 31 ന് പ്രഖ്യാപനം ഔദ്യോഗികമായി അറിയിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കെയാണ് തലൈവരുടെ ഈ പിന്മാറ്റം. RRM (രജനി രസിഗർ മൻട്രം) പ്രവർത്തകർക്കൊപ്പം പലരും ഉറ്റുനോക്കിയ ഒന്നായിരുന്നു രജനിയുടെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം. ‘കച്ചിയെല്ലാം ഇപ്പ നമക്കെത്ക്ക് കാലത്തിൻ കയ്യിൽ അത് ഇരുക്ക്’ എന്ന് സിനിമയിലും അടിക്കടി ‘നാൻ അരസിയലുക്ക് വരുവേൻ’ എന്ന് നേരിട്ടും പല തവണ പറഞ്ഞിട്ടുണ്ടെങ്കിലും ഇത്തവണ സംഗതി കര്യമാവുമെന്ന് തന്നെയായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. സംഗതി മിഥുനം സിനിമയിലെ ഇപ്പ പൊട്ടും ലൈൻ ആയെങ്കിലും എന്തുകൊണ്ടും ഗുണപരമായ തീരുമാനം തന്നെയാണിത്. ആൺമികം (ആത്മീയത) മുനിർത്തിയുള്ള കച്ചി എന്ന രജനിയുടെ പ്രഖ്യാപനം ബിജെപിക്കുള്ള താക്കോൽ ആയിരുന്നേനെ, ജയലളിതയുടെ കാർ ബ്ലോക്കാക്കിയ കാലത്തെ സ്റ്റാർഡം ഇപ്പൊ ഇല്ലെങ്കിലും രജനി തെരഞ്ഞെടുപ്പ് ഗോദയിൽ ക്രൗഡ് പുള്ളർ ആകുമായിരുന്നു.
എന്തായാലും ഈ തീരുമാനത്തോടെ ആശങ്കകളും പ്രതീക്ഷകളും അവസാനിക്കുകയാണ്.

rejini

താരപ്പൊലിമയ്ക്കും കാര്യസാധ്യത്തിനും വേണ്ടി മാത്രം പൊളിറ്റിക്സിൽ ഇറങ്ങുന്ന നോർത്ത് ഇന്ത്യൻ സിനിമാ രാഷ്ട്രീയത്തിൽ നിന്നും പ്രേംനസീറിനെയും രാമു കാര്യാട്ടിനെയും ( പ്രഗൽഭരായ താരങ്ങൾ മുഴുവൻ അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നുവെന്നതും ശ്രദ്ധേയം) അടക്കമുള്ള സിനിമാക്കാരെ തോൽപിച്ച കേരള രാഷ്ട്രീയത്തിൽ നിന്നുമൊക്കെ വളരെ വ്യത്യസ്തമാണ് തമിഴ് അരസിയൽ. തെലുഗു ദേശമാണ് ഇക്കാര്യത്തിൽ തമിഴ്നാടിനോട് ചേർന്നു പോകുന്നത്, പുരാണ കഥാപാത്രങ്ങളെ സ്ക്രീനിൽ അവതരിപ്പിച്ചുകൊണ്ടിരുന്ന എൻടി രാമറാവ് എന്ന എൻടിആറിനെ കാണാൻ ജനങ്ങളുടെ നീണ്ട നിര അദ്ദേഹത്തിന്റെ വീട്ടുപടിക്കൽ കാത്തുകെട്ടി കിടക്കുമായിരുന്നു. മട്ടുപ്പാവിൽ നിന്ന് അവർക്ക് ദർശനം നൽകുന്ന ആ ദൈവം താൻ മേക്ക് അപ്പ് തുടച്ച തുണി പ്രസാദമായി കൊടുക്കുമായിരുന്നുവെന്ന് എംടി ഒരു കുറിപ്പിൽ എഴുതിയിട്ടുണ്ട്.

ഈ ആരാധനയെ വേണ്ടുവോളം ഉപയോഗപ്പെടുത്തിയാണ് അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തുന്നത്. കലണ്ടറുകളിലും ചുവർ ചിത്രങ്ങളിലും രാമനായും കൃഷ്ണനായും പ്രത്യക്ഷപ്പെട്ട തെലുഗു ദൈവം പ്രകടന പത്രികയായി ഉപയോഗിച്ചത് ‘ബൂബിലി പുലി’ എന്ന തന്റെ സിനിമയായിരുന്നു. ഈ ചിത്രത്തിന് പക്ഷെ സെൻസർ ബോർഡ് അനുമതി നൽകിയില്ല. തെലുഗു വിൽ നിന്ന് പിന്നീട് ചിരഞ്ജീവിയും പവൻ കല്യാണുമൊക്കെ രാഷ്ട്രീയം പയറ്റി നോക്കിയവരാണ്. പിന്നീട് രജനിയും കമലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ തീരുമാനിച്ചപ്പോൾ ഇറങ്ങരുത് എന്നായിരുന്നു ചിരഞ്ജീവി ഉപദേശിച്ചത്, സിനിമ ഉപേക്ഷിക്കുകയാണെന്നു പ്രഖ്യാപിച്ചു മുഴുവൻ സമയവും രാഷ്ട്രീയത്തിൽ ഇറങ്ങിയ പവൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റിലും പരാജയപ്പെട്ടത്തിനെത്തുടർന്നു വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് പവൻ. കന്നഡ സൂപ്പർ താരം രാജ്കുമാർ ലക്ഷോപലക്ഷം ആരാധകർ ഉണ്ടായിരുന്നുവെങ്കിലും രാഷ്ട്രീയത്തിൽ ഇറങ്ങിയില്ല എന്നത് അത്ഭുതമാണ്. അംബരീഷ് ആണ് രാഷ്ട്രീയത്തിൽ ഇറങ്ങിയ പ്രമുഖ കന്നഡ താരം.

rejini

തമിഴ്തിരൈ ഉലകവും തമിഴ്നാട്ടരസിയലും തമ്മിൽ ഒഴിച്ചുകൂടാനാവാത്ത ബന്ധമാണുള്ളത്.അണ്ണാ ദുരൈ പോലും സിനിമാക്കാരനായിരുന്നു. ഇക്കൂട്ടത്തിൽ ആദ്യപേര് പുരട്ച്ചി തലൈവരുടേത് തന്നെയാണ്. ദ്രാവിഡ രാഷ്ട്രീയത്തിലെ പ്രഗത്ഭനും വാഗ്മിയുമായ കലൈഞ്ജർ കരുണാനിധി എന്ന ശക്തമായ മറുപക്ഷം നിലനിൽക്കെ തമിഴ് രാഷ്ട്രീയത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഒരേടായി എംജിആർ മാറിയത് തരാരാധനയുടെ അലകളിലൂടെയാണ്. എൻടിആർ പ്രയോഗിച്ച അതേ ആയുധം തന്നെയാണ് എംജിആറും ഉപയോഗിച്ചത്, ‘സിനിമ’. അരസ കട്ടളൈ, കാവൽക്കാരൻ, ആയിരത്തിൽ ഒരുവൻ, നല്ലവൻ വാഴ്‌വാൻ, ധർമ്മം തലൈ കാക്കും, നാളയ് നമതെ, തായൈ കാത്ത തനയൻ തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമ പേരുകൾ പോലും ഇതിനുതകുന്നവയായിരുന്നു. എംജിആർ മലയാളത്താൻ ആണെന്ന പ്രചരണത്തെ നേരിട്ടത് ‘പെറ്റാൽ താൻ പിള്ളൈയാ’ എന്ന ടൈറ്റിലിലൂടെ. ‘നെഞ്ചം ഉണ്ട് നേർമയ് ഉണ്ട്’ തുടങ്ങിയ ഗാനങ്ങളും ജനപ്രീതിയാർജിച്ചവയാണ്. ഇതിന് പുറമെ ചരിത്രകാരന്മാരെ ഉപയോഗിച്ച് അദ്ദേഹം തന്റെ ജീവചരിത്രം എഴുതിക്കുകയുമുണ്ടായി.

പിന്നീട് കണ്ട മറ്റൊരു വളർച്ച അണ്ണന്റെ മൃതദേഹം കയറ്റിയ വണ്ടിയിൽ നിന്നും ഉന്തി തള്ളി പുറത്താക്കിയിടത്തുനിന്ന് തമിഴ്നാട് മുഖ്യമന്ത്രിയിലേക്കുള്ള ജയലളിതയുടെ ഒരു സിനിമാക്കഥയെ അനുസ്മരിപ്പിക്കുന്ന വളർച്ചയാണ്. പിന്നീടും പലരും വന്നുപോയി വിജയകാന്ത്, ശരത്കുമാർ തുടങ്ങിയ പലരും കളത്തിൽ ഇറങ്ങിയെങ്കിലും അവർക്കാർക്കും ഇത്തരമൊരു വളർച്ച ഉണ്ടായില്ല. മറ്റൊരു പ്രധാന താരംആരാധകർ കോവിൽ കെട്ടി പൂജ ചെയ്ത ഖുശ്ബുവാണ് (പ്രീമാരിറ്റൽ സെക്സിനെ കുറിച്ചു സംസാരിച്ചതിന്റെ പേരിൽ അവർ പിന്നീട് ഇതേപോലെ കുറെ വെട്ടുകിളി കൂട്ടങ്ങളുടെ ഭീഷണി നേരിടുകയുണ്ടായി എന്നത് മറ്റൊരു കാര്യം) അവർ പിന്നീട് ഡിഎംകെയും കോണ്ഗ്രസും അടക്കമുള്ള രാഷ്ട്രീയ പാർട്ടികളിലൂടെ സഞ്ചരിച്ച് ഇപ്പൊ ബിജെപിയിൽ എത്തി നിൽക്കുന്നു.

edappadi

ഈ ഗോദയിലേക്കുള്ള ( ഇപ്പൊ തമിഴ്നാട് രാഷ്ട്രീയത്തെ എന്തു പേരിട്ടും വിളിക്കാം) പുറപ്പാടാണ് രജനി വേണ്ട എന്നുവെച്ചതും , കമൽ തുടരുന്നതും. സിനിമാക്കാരുടെ രാഷ്ട്രീയപ്രവേശനത്തിന് പിന്നിൽ ഒരൊറ്റ കാരണമേയുള്ളൂ ,ജാതി. നടികർകൾ ഏറെക്കുറെ എല്ലാ ജാതിക്കാർക്കും സമ്മതരാണ്. തേവർ, വണ്ണിയർ, ഗൗണ്ടർ, നാടാർ തുടങ്ങിയ പ്രമുഖ ജാതികളും പിന്നെ കുറച്ചു ന്യൂനപക്ഷ സമുദായങ്ങളുമാണ് തമിഴ് അരസിയൽ നിയന്ത്രിക്കുന്നത്. ഈ നാലു ജാതിയിൽ പെട്ട ഏതെങ്കിലും ഒരാൾക്ക് അധികാരം കിട്ടിയാൽ മറ്റുള്ളവർക്ക് വിമ്മിഷ്ടമുണ്ടാവും, അവരെ തൃപ്തിപ്പെടുത്തൽ പിന്നീട് ബുദ്ധിമുട്ടാകും. ഏത് മന്ത്രിസഭ അധികാരത്തിൽ വന്നാലും ഈ ജാതികളെ പരിഗണിക്കാറുണ്ട്. കമലും രജനിയും ഈ ജാതിക്ക് പുറത്തുള്ളവരായത് കൊണ്ട് ആ പ്രശ്നം ഉദിക്കുന്നില്ല. രസിഗർ മൻട്രത്തിന്റെ ഉള്ളിലെ പ്രശ്നങ്ങൾ പുകയുന്നതിനടയിൽ തന്നെ രജനി കളം വിടുകയും ചെയ്തു. ഇനി ആര് എന്നതാണ് ചോദ്യം, പുരട്ച്ചി തലൈവരും കലൈഞ്ജറും അമ്മയും ഒന്നുമുണ്ടായിരുന്ന കാലത്തെ സ്ഥിതിയല്ല ഇപ്പൊ തമിഴകത്ത്. അണ്ണാ ഡിഎംകെ നാഥനില്ലാ കളരിയാണ്, സ്റ്റാലിന് ശക്തമായ ഒരു ഇമേജ് ഇപ്പൊ ഇല്ല അത്യാവശ്യം ജനസമ്മതി നേടിയിരുന്ന കാലത്ത് തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയി നിൽക്കാൻ കരുണാനിധി സമ്മതിച്ചിട്ടുമില്ല.

stalin

എഡിഎംകെയേയും ബിജെപിയെയും പരസ്യമായി വിമർശിച്ചു കൊണ്ട് നടനും നിർമാതാവുമായ സ്റ്റാലിനും രംഗത്ത് സജീവമായുണ്ടെങ്കിലും ജനസമ്മതിയുടെ കാര്യത്തിൽ പുറകിലാണ്. ഈയടുത്ത് അദ്ദേഹത്തെ ഒരു വിഭാഗം കാറിൽ നിന്ന് പുറത്തിറങ്ങാൻ സമ്മതിക്കാതെ മടക്കി അയച്ചിരുന്നു. ഇക്കൂട്ടത്തിലേക്ക് രജനി എന്ന ക്രൗഡ് പുളളർ വന്നിരുന്നുവെങ്കിൽ ഏറ്റവും കൂടുതൽ ആളുകളെ കൂട്ടാൻ രജനിക്ക് സാധിക്കുമായിരുന്നു, സ്റ്റാർഡം തന്നെ കാരണം. പക്ഷെ അതിലപ്പുറത്തേക്ക് ഉറച്ചതും പക്വവുമായ തീരുമാനങ്ങൾ എടുക്കുന്നതിൽ രജനി പുറകോട്ടാണ്. എങ്കിലും കുടുംബ വാഴ്ചയുള്ള മറ്റു പാർട്ടിക്കാരെക്കാൾ യുവാക്കളെ സംഘടിപ്പിക്കാൻ സാധിക്കുമായിരുന്നേനെ. കമലും യുവാക്കളുടെ പങ്കാളിത്തമാണ് മുന്നോട്ട് വെക്കുന്നത്. പൊതുവെ കമൽ എലൈറ്റും രജനി പോപ്പുലറുമാണ് എന്നാണ് വെപ്പ്, ആ ഒരു തടസ്സം നീക്കാൻ ആളുകൾക്ക് ഇടയിലേക്ക് ഇറങ്ങിചെല്ലാനാണ് കമൽ ശ്രമിക്കുന്നത്.

സ്റ്റാൻഡ് അപ് കൊമേടിയൻമാർ പറയുന്ന പോലെ പുരിയാത വസനം പേസുന്ന കമലിൽ നിന്നൊക്കെ മാറാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ജാതി രാഷ്ട്രീയത്തി പേരുകേട്ട തമിഴ്നാട് രാഷ്ട്രീയത്തിൽ കമലിന് നിലപാടുകളിൽ വെള്ളം ചേർക്കാതെ മുന്നോട്ടു പോവാൻ സാധിക്കുമോ എന്നുള്ളതാണ് പ്രശനം. ലോക്സഭാ തിരഞ്ഞെടുപ്പിൽ നാല് ശതമാനം വോട്ട് പിടിക്കാൻ കമലിന് സാധിച്ചിട്ടുണ്ട്.ഏതായാലും തലൈവരുടെ പിന്മാറ്റത്തിൽ ആരാധകരുടെ പ്രതിഷേധം തുടരുകയാണ്. കണ്ടറിയാം തമിഴ്നാട്ടരസിയലിന്റെ ഭാവി.

Leave a Reply