millipede

തേരട്ട

എഴുത്ത്: ആതിര സദാനന്ദ്

ഉടലിനിരുവശവും മഞ്ഞപ്പൊട്ടുകളുള്ള കറുത്ത തേരട്ടകളുടെ പ്രജനനമാസമാണിത്. വേനലവസാനിപ്പിച്ച് പെയ്യുന്ന മഴയിൽ കുതിർന്ന കരിയിലകൾ മണ്ണിലഴുകിച്ചേർന്ന് അവയ്ക്ക് ചുരുണ്ടുറങ്ങാനുള്ള മെത്തയാവുന്ന സമയം. പൈപ്പിൻ ചുവട്ടിലേക്ക് കുടവുമെടുത്ത് ധൃതിയിൽ നടക്കുന്നതിനിടെ തന്റെ ചെരിപ്പിടാത്ത, വിണ്ടുകീറിയ പാദങ്ങൾ കൊണ്ട് അവൾ ഒരു നൂറു തേരട്ടകളെയെങ്കിലും ഞെരിച്ചു കാണും. അപ്പോഴവ അവളുടെ മൗനത്തിന്റെ ശൂന്യതയിൽ ഒരു “കറകറ” ശബ്ദത്തോടെ, മരണവെപ്രാളത്തിലുള്ള വിസർജജ്യത്തോടെ ചത്തു. അതിന്റെ, മൂത്രമൊഴിച്ചാലെന്നതു പോലുള്ള ഗന്ധം അവിടെ പടർന്നു.

ആ തെരുവിന്റെ അന്തരീക്ഷത്തിൽ നിന്നും തേരട്ടകളുടെ മരണമണം തിരിച്ചറിയുക പ്രയാസമാണ്. കാരണം നഗരത്തിന്റെ സകലമാലിന്യങ്ങളും വന്നു നിറയുന്ന ഓട തെരുവിനെ ഒരു ലക്ഷ്മണരേഖ പോലെ വളഞ്ഞിട്ടുണ്ട്. മഴ കൂടുന്ന സമയങ്ങളിൽ കറുത്ത പശിമയുള്ള അതിന്റെ ‘തീട്ടവെള്ളം'(തെരുവുകാർ വിളിച്ചത്) സിനിമാനടന്മാരുടെയും ചിരിച്ചു കൈകൂപ്പിനിൽക്കുന്ന ചില രാഷ്ട്രീയക്കാരുടെയും പഴയ ഫ്ലക്സ് വലിച്ച് കെട്ടി ഭഭ്രമാക്കിയ മേൽക്കൂരയുള്ള(കൂട്ടത്തിൽ താരതമ്യേന പണമുള്ളവർ ആസ്ബെറ്റോസ് ഷീറ്റ് പാകിയിട്ടുണ്ട്) അവരുടെ കുഞ്ഞു വീടുകളിലേക്ക് അലിഞ്ഞിറങ്ങും. അപ്പോഴാണ് മനുഷ്യന്റെ വിയർപ്പിനും, വീടിന്റെ ചുമരുകൾക്കും, കാറ്റിനും, മരണത്തിനും ഒരേ തീട്ടമണം വരുന്നത്. വേർതിരിച്ചറിയാനാകാത്ത, കെട്ടുപിണഞ്ഞു കിടക്കുന്ന ഗന്ധങ്ങൾക്കിടയിലും തേരട്ടകളുടെ മണം അവൾക്കു തിരിച്ചറിയാനാകും. കാരണം തേരട്ടകളെ അവൾ പ്രണയിക്കുന്നു. അതിന്റെ നിശബ്ദത, അലസത, അവനവനിലേക്ക് തന്നെ ചുരുണ്ടുകൂടുന്ന ശാന്തത, ഭൂമിയോടമർന്നു ചേരുന്ന അതിന്റെ മരണം.. എല്ലാം അവളെ മോഹിപ്പിക്കുന്നു..

millipede
വര: ആതിര സദാനന്ദ്

വെള്ളമെടുക്കാൻ വന്ന വലിയ മുലകളുള്ള പെണ്ണുങ്ങളുടെ നടുവിലേക്ക് അവൾ മെല്ലെ നടന്നുകയറി. പെണ്ണുങ്ങളുടെ ബഹളങ്ങളൊന്നും അവൾ കേട്ടില്ല. അവൾ തേരട്ടകളുടെ മരണത്തെപ്പറ്റി ചിന്തിക്കുകയായിരുന്നു. വലിയ അല്ലല്ലൊന്നുമില്ലാത്ത മരണമാണ്, അവഗണിക്കാനാവുന്നത്. ഒരൊറ്റ ചവിട്ട്, ജീവൻ നിലനിർത്താനാവശ്യമായ സ്രവങ്ങളെല്ലാം ഉടലിന്റെ ദ്വാരങ്ങളിൽ കൂടി പുറത്തേക്കൊഴുകിയൊഴിയുന്നു. ഉടൽ ഒരൊഴിഞ്ഞ തൊണ്ടു പോലെ ഉപയോഗശൂന്യമായി തീരുന്നു. ലളിതമായ അവസാനം. ചിന്തകൾ പേനരിക്കുമ്പോഴൊക്കെ അവൾ തല ചൊറിഞ്ഞു, തേരട്ടമണമുള്ള പാദങ്ങൾ ഒരു നേരമ്പോക്കിനെന്നോണം മാന്തി. നഖങ്ങൾക്കിടയിൽ കുഴമ്പ് പരുവത്തിൽ ചേറ് നിറഞ്ഞു. കഴുത്തിലെ മെഴുക്ക് പുരണ്ട കറുത്ത ചരടിൽ ഒരു താലി പോലെ സൂക്ഷിച്ചിരുന്ന സേഫ്റ്റി പിൻ ഊരിയെടുത്ത് അവൾ നഖങ്ങൾക്കിടയിലെ ചേറ് നീക്കാൻ തുടങ്ങി. തള്ളവിരൽ.. ചൂണ്ടുവിരൽ..മോതിരമില്ലാത്ത മോതിരവിരൽ..വലതു കൈയ്യിലെ നടുവിരലിന് നഖമില്ല. തലയറ്റുണങ്ങിയ തെങ്ങുപോലെ അവിടം ഒരു വേദനിപ്പിക്കുന്ന ശൂന്യത മാത്രം. പഞ്ചിംഗ് മെഷീനു കീഴെ റെക്സിൻ നീക്കിക്കൊടുക്കാൻ നിന്ന പഴയ രംഗം അവൾ ഒന്നൂടെ ഓർത്തെടുത്തു. യുദ്ധഭൂമിയിലെ ഭടന്റെ മുറിഞ്ഞു വീണ ശിരസ്സു പോലെ വിരലിന്റെ അഗ്രം വീണുരുണ്ടത്.. പൊടുന്നനെ ഓർമ്മയുടെ ഒരു വേദന അവളുടെ മുറിവിനെ മിന്നൽ പോലൊന്നു തൊട്ട് കടന്നു പോയി. മറ്റു വിരലുകൾ മടക്കി, നടുവിരൽ മാത്രം നിവർത്തി അവളതിനെ ഓമനിച്ചു. “വിരലേ നീയെന്തുമാത്രം സഹിച്ചു..”തേരട്ടയെ പോലെ ചതഞ്ഞ പാതിവിരൽ..

പെണ്ണുങ്ങളുടെ ബഹളം അവസാനിച്ചിരുന്നില്ല. വേനലിന്റെ അവസാനത്തോടെ ബുദ്ധരൂപം പൂണ്ട പരിത്തിമരത്തിന്റെ ചുവട്ടിൽ അവൾ തേരട്ടയെ പോലെ ചുരുണ്ടിരുന്നു. പണ്ടെങ്ങോ പൊട്ടിയടർന്നു വീണ ഉന്നക്കായകളുടെ തൊണ്ടുകൾ ആരോ ഉപേക്ഷിച്ച ചിരാതുകൾ പോലെ..അതിൽ തളം കെട്ടി കിടക്കുന്ന മഴത്തുള്ളികൾ..ഉദിച്ചു വരുന്ന സൂര്യന്റെ വെളിച്ചം ഒരു നാളം പോലെ അതിൽ വിളങ്ങുന്നു..അവൾ ഉണർന്നു വരുന്ന ആകാശത്തേക്ക് നോക്കി. ഗർഭിണികളുടെ തുടകൾക്കിടയിൽ ഒരു കുഞ്ഞിന്റെ തല കാണുന്ന കണക്ക് മേഘങ്ങൾക്കിടയിൽ സൂര്യൻ പ്രത്യക്ഷപ്പെട്ടു വരുന്നതേയുള്ളൂ.. അപ്പോഴേക്കും തെരുവിൽ പെണ്ണുങ്ങളെ തോൽപ്പിച്ചു കൊണ്ട് ആണുങ്ങളുടെ ശബ്ദം കേട്ടു തുടങ്ങി. ഓടയുടെ നേർത്ത ചാലുകളിൽ തുള്ളുന്ന ചെമ്മീൻ പിടിക്കാൻ വന്നവരുടെ ബഹളമാണ്. കൊതുകുകളുടെ കൂട്ടകരച്ചിൽ ഒരു ഈണമെന്നോണം കൂടെയുണ്ട്.. അവൾ മെല്ലെ പെപ്പിൻചുവട്ടിലേക്ക് കുടവുമെടുത്ത് നടക്കുന്നതിനിടെയാണ് പെട്ടന്ന് ആ ശബ്ദം കേട്ടത്.

“എടീ, ഇങ്ങോട്ട് വാ..”

ആജ്ഞാപനത്തിന്റെ കനത്ത മീശ വിറക്കുന്ന ഒരു ശബ്ദം. അവൾ തിരിഞ്ഞുനോക്കി. ആലയിൽ പണിയെടുക്കുന്ന, ഉരുക്കു ശരീരമുള്ള, കരടിരോമമുള്ള ബസവണ്ണയാണ് വിളിക്കുന്നത്. ചെമ്മീൻ പിടിക്കാൻ വന്നതാണ്, ഒരു കൈയ്യിൽ അതിട്ടു പിടിച്ചിരിക്കുന്ന കവർ, മറ്റേ കൈ ഓടയിൽ. ഈ അവസരം മുതലാക്കി അയാളെ ഒരു കൊതുക് കടിച്ചിരിക്കുന്നു. തന്റെ പുറം ചൊറിയാൻ വിളിച്ചതാണ് അയാളവളെ. അവൾ ആദ്യം ഒന്നു മടിച്ചു നിന്നു. ചുറ്റിലും പരിഹാസത്തിന്റെ മുറുമുറുപ്പുയരുന്നു. തന്റെ നഖങ്ങൾക്ക് ചൊറികലയിലുള്ള ആത്മവിശ്വാസം തന്ന ഉൾപ്രേരണയാലോ, പേടിയാലോ എന്തോ അവൾ അയാൾക്കരികിലെത്തി. സ്ഥിരമായി പെണ്ണുങ്ങളെ ഇത്തരത്തിൽ കളിയാക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന ബസവണ്ണയ്ക്ക് നേരെ ഒരു പെൺകുട്ടി നടന്നു ചെല്ലുന്നതു കണ്ട് തെരുവിന്റെ മൊത്തം കണ്ണുകളും അവർക്കു നേരെ തിരിഞ്ഞു. തെരുവിനെ വിറപ്പിക്കുന്ന തന്റെ കൊമ്പൻമീശയ്ക്ക് നേരെ വളകിലുക്കിക്കൊണ്ട് ഒരുത്തി സധൈര്യം വരുന്നത് ബസവണ്ണയ്ക്ക് ഇഷ്ടമായില്ല. അയാൾ ഒരു യുദ്ധത്തിനെന്നോണം നെഞ്ചുവിരിച്ചിരുന്നു. അയാളുടെ മുഖത്ത് പുച്ഛം ഒരു കുട പിടിച്ചിരുപ്പുണ്ടായിരുന്നു.

“എവിടെയാ?”അവൾ സ്ഥായിയായ അവളുടെ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. ആണുങ്ങളുടെ ഇടയിൽ ചൂളം വിളികളും അർത്ഥം വച്ച ചിരികളും..”വലതു തോളെല്ലിനു താഴെയായിട്ട്..”അത് പറയുമ്പോൾ അയാൾ ഒരു വക്രിച്ച ചിരി ചിരിച്ചു. അവൾ വലതു കൈകൊണ്ട് അയാളുടെ വലതുപുറം മാന്തുവാൻ തുടങ്ങി. ആദ്യം മെല്ലെ, പിന്നെ വട്ടത്തിൽ, ഒരു ചെറിയ താളത്തിൽ. ബസവണ്ണ തന്റെ കൂട്ടുകാരെ കേൾപ്പിക്കാനായി കൃത്രിമരതിശബ്ദങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. ആളുകളുടെ ചിരി ഉച്ചത്തിലായതു കണ്ട് അവൾ ചോദിച്ചു, “ഞാൻ പൊയ്ക്കോട്ടെ?”

“പറ്റില്ല. പുറം മൊത്തത്തിൽ ഒന്നു ചൊറിയണം”. ഇങ്ങനെ പറഞ്ഞുകൊണ്ട് അയാൾ തന്റെ തുളകളുള്ള, മീൻമണമുള്ള ബനിയൻ ഊരി. ചുറ്റിലും ഒരു വലിയ ആരവമുയർന്നപ്പോൾ അവളുടെ ആത്മവിശ്വാസത്തിന്റെ ചെകിടത്ത് അയാളുടെ തീപാറുന്ന നോട്ടം ആഞ്ഞടിച്ചു. വിറക്കുന്ന കൈകൾ കൊണ്ട് അവൾ കുടം താഴെ വച്ചു. അയാളുടെ പിറകിലായി ചമ്രം മടഞ്ഞിരുന്നു. അവളുടെ ധൈര്യവും അയാളുടെ ആൺവിചാരങ്ങളും തമ്മിലുള്ള ഒരു കളി കാണുന്നതിലേക്ക് രംഗം മാറിയിരുന്നു. ആളുകൾ സംഘം ചേർന്ന് അഭിപ്രായം പറയാൻ തുടങ്ങി. ചില പെണ്ണുങ്ങൾ അവൾ ചെയ്തത് തെറ്റാണെന്നും ആണുങ്ങളെ വാശി കയറ്റിയാൽ ഒടുവിലിങ്ങനൊക്കെയാവുമെന്ന് പറഞ്ഞു. അയാൾ അങ്ങനെ പറഞ്ഞാലും അവൾ ഒന്നും മിണ്ടാതെ വിനയപൂർവ്വം നടന്നുപോവുകയായിരുന്നു വേണ്ടതെന്ന് ചില ഭാര്യമാർ അഭിപ്രായപ്പെട്ടു. ആണുങ്ങളാരും തന്നെ ഒന്നും മിണ്ടിയില്ല. അവരുടെ ഭാവനയിൽ ഒരു രതി പടത്തിലെ നായികയും നായകനുമായി അവളും ബസവണ്ണയും രൂപാന്തരപ്പെട്ടിരുന്നു.

millipede
വര: രവി എപി

അവൾ തന്റെ രണ്ടു കൈകൾകൊണ്ടും അയാളുടെ പുറം മാന്തി തുടങ്ങി. ഇടയ്ക്ക് വലതുകൈകൊണ്ട് ചൊറിയുകയും ഇടതുകൈകൊണ്ട് മൃദുവായി തലോടുകയും ചെയ്തു. അയാളുടെ വിയർത്ത പുറത്ത് അവളുടെ വിരലുകൾ കലാപരമായി നീന്തി. ബസവണ്ണയുടെ ഉറച്ച ശരീരം മെല്ലെ അയഞ്ഞു തുടങ്ങി. തന്റെ പുറത്ത് ഒരായിരം തേരട്ടകൾ ഇഴയുന്നത്തിന്റെ സുഖകരമായ ഇക്കിളി അയാൾക്ക് അനുഭവപ്പെടുന്നുണ്ട്. അയാൾ കണ്ണുകളടച്ചു. കാഴ്ച്ചകാരിൽ ഒരു നിശബ്ദത പടർന്നു. അവൾ ചൊറിച്ചൽ തുടർന്നു. പൂച്ചയുടേതെന്നതു പോലെ അവളുടെ നഖങ്ങൾ വിരലുകളിൽ നിന്നും വിടർന്നു വരാൻ തുടങ്ങി. ബസവണ്ണയുടെ പുറത്തുനിന്ന് ചോര പൊടിയുന്നുണ്ടായിരുന്നു. അയാൾ ഞെരുങ്ങി. സത്യത്തിൽ അവൾ ബസവണ്ണയെ കാണുന്നുണ്ടായിരുന്നില്ല, അയാളുടെ പുറത്ത് കുറെ തേരട്ടകൾ പുളയുന്നതു മാത്രമേ അവൾ കാണുന്നുണ്ടായിരുന്നുള്ളു. അവൾ തേരട്ടകളെയാണ് മാന്തുന്നത്. തേരട്ടകളാണ് ഞരുങ്ങുന്നത്..തേരട്ടകളാണ് കെട്ടുപിണഞ്ഞിങ്ങനെ കിടക്കുന്നത്.. അവളുടെ വിരലുകളുടെ വേഗത കൂടി, അവ രക്തം ചീറ്റിച്ചു കൊണ്ട് അയാളുടെ പുറത്ത് മുകളിലേക്കും താഴേക്കും എന്ന ക്രമത്തിൽ ചലിക്കാൻ തുടങ്ങി. ബസവണ്ണ തന്റെ ശരീരം സൃഷ്ടിച്ച ആശയക്കുഴപ്പത്തിലായിരുന്നു, ഒരു ഭാഗം വേദന കൊണ്ട് പുളയുകയും മറുഭാഗം രതിമൂർച്ഛയിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു. അയാൾ തികച്ചും ബലഹീനനായി തീർന്നു. അവൾ അസാധാരണമായ ഒരു വികാരാവേശത്തിലെന്നോണം അയാളെ ചൊറിഞ്ഞു കൊണ്ടിരുന്നു. അവളുടെ നഖങ്ങൾക്കിടയിൽ ബസവണ്ണ വന്നു നിറഞ്ഞു, രക്തമായും മാംസമായും. കാണികളുടെ ഭയം ഒരു പുകച്ചുരുൾ പോലെ വന്ന് അവരുടെ തന്നെ കാഴ്ച്ചയെ മങ്ങിച്ചു തുടങ്ങിയിരുന്നു. ബസവണ്ണ വേദന കൊണ്ട് പുളഞ്ഞു, സുഖം കൊണ്ട് ഞരുങ്ങി, നിസ്സഹായതയിൽ മുരളുകയും ചെയ്തു. അയാളുടെ ശ്വാസ്സോച്ഛാസം മുറുകി, ശരീരം വിറച്ചു. കുങ്കുമത്തിൽ കഴുകിയാലെന്നോണം അവളുടെ കൈകളും മുഖവും രക്തത്തിൽ കുളിച്ചിരുന്നു. മുഖത്ത് ആരെയും അമ്പരിപ്പിക്കുന്ന ശാന്തതയുമായി അവൾ എന്നിട്ടും തന്റെ ജോലി തുടർന്നുകൊണ്ടിരുന്നു. ബസവണ്ണയുടെ ആത്മാവ്, അയാൾ ഏറ്റവും അഭിമാനം കൊള്ളുന്ന തന്റെ ശരീരഭാഗത്തിലൂടെ ദ്രാവകരൂപത്തിൽ പുറത്തുചാടി.

അവൾക്ക് തേരട്ട ചതഞ്ഞു മരിക്കുന്നതാണോർമ്മ വന്നത്. ബസവണ്ണ ഒരു വലിയ പർവ്വതം പോലെ ബോധം നശിച്ച് താഴെ വീണ് സ്വന്തം രക്തത്തിൽ കിടന്ന് ഞരുങ്ങി. അവൾ മെല്ലെ എഴുന്നേറ്റു പൈപ്പിനടുത്തേക്ക് നടക്കുമ്പോൾ പെണ്ണുങ്ങളെല്ലാവരും നിശബ്ദരായി അവൾക്ക് വഴിമാറിക്കൊടുത്തു. കൈകളിലും മുഖത്തുമുള്ള ചോര കഴുകിക്കളയവെ പൊടുന്നനെ അടിവയറ്റിലൊരു വേദന അനുഭവപ്പെട്ടതിനാൽ കാലുകളകത്തി അവളാ ഈർപ്പമുള്ള തറയിലിരുന്നു. അവളുടെ രഹസ്യഗുഹയിൽ നിന്ന് പെറ്റു വീഴുന്ന തേരട്ടക്കുഞ്ഞുങ്ങളെ കാണികൾ അറപ്പോടെ നോക്കി. ഉടലിനിരുവശവും മഞ്ഞ പൊട്ടുകളുള്ള കറുത്ത തേരട്ടകൾ ചവിട്ടിയരക്കാൻ പാകത്തിൽ ഭൂമിയുടെ മുഖത്ത് ഇഴയാൻ തുടങ്ങുന്നു…

Leave a Reply