leela santhosh

പല സേവനങ്ങളും ചുരുങ്ങിയ വിഭാഗത്തിന് മാത്രം ലഭ്യമാകുകയും അത് പെരുപ്പിച്ച് കാണിക്കുകയുമാണ് ചെയ്യുന്നത്

അഭിമുഖം ; ലീല സന്തോഷ് / അനഘ കെപി

കേരളത്തിലെ ആദ്യ ഗോത്ര സംവിധായകയായ ലീല സന്തോഷമായി the tongue സബ് എഡിറ്റർ അനഘ കെപി നടത്തിയ അഭിമുഖം.

വയനാട്ടിലെ ഗോത്രവർഗ വിഭാഗത്തെ ഏത് തരത്തിലാണ് ലോക്ക്ഡൗൺ ബാധിച്ചിരിക്കുന്നത്?

ഗോത്രവിഭാഗക്കാർ താമസിക്കുന്ന കോളനികളിൽ ഭൂരിഭാഗം പേരും ലോക്ക്ഡൗൺ കാലത്ത് സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടിലാണ്. ദിവസക്കൂലിക്ക് പണിയെടുത്ത് ജീവിക്കുന്നവരാണ് മുഴുവൻ പേരും. ഇത്തരമൊരു സാഹചര്യത്തിൽ ആർക്കും പുറത്തിറങ്ങാൻ പറ്റാത്തതുകൊണ്ട് പണിക്ക് പോവൽ സാധ്യമല്ല. അടച്ചിടലിന് മുൻപ് ദൂരെ ദേശങ്ങളിൽ പണിക്ക് പോയവർ തിരിച്ചു വരാൻ കഴിയാതെ കുടുങ്ങി കിടക്കുകയും ചെയ്യുന്നു.

ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയെക്കുറിച്ച്?

റേഷൻ കടകൾ മുഖേനയുള്ള ഭക്ഷ്യവസ്തുക്കൾ മുടങ്ങാതെ എല്ലാവർക്കും ലഭിക്കുന്നുണ്ട്. ബി.പി.എൽ കാർഡ് ഉടമകൾ അല്ലാത്ത കുടുംബങ്ങൾ ഭക്ഷണത്തിനുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അരിയും ധാന്യങ്ങളുമല്ലാത്ത, പലവ്യഞ്ജന സാധനങ്ങൾ കിട്ടാനില്ലാത്ത അവസ്ഥ ഉണ്ടെങ്കിലും, ഞങ്ങളുടെ ജീവിത രീതി അനുസരിച്ച് ഇവയൊന്നും ഇതുവരെയും വലിയ ബുദ്ധിമുട്ടുകൾ ആയി മാറിയിട്ടില്ല.
ചെറിയ തരത്തിലെങ്കിലും ലോക്ക്ഡൗൺ രീതികൾക്ക് സമാനമായ ജീവിത ശൈലി തന്നെയാണ് ഞങ്ങളുടെ ആൾക്കാർ പിന്തുടർന്ന് പോരുന്നത്. പിന്നെ മദ്യം കിട്ടാനില്ലാതായത് വലിയൊരു മെച്ചമായി തോന്നുന്നുണ്ട്. അതിന്റേതായ മാറ്റം ഇവിടെ അനുഭവപ്പെടുന്നുമുണ്ട്.

leela santhosh

ആരോഗ്യ രംഗത്ത് പ്രയാസങ്ങൾ നേരിടുന്നുണ്ടോ, സേവനങ്ങൾ എത്തരത്തിലാണ്?

ചികിത്സാ സൗകര്യങ്ങൾ സർക്കാർ തലത്തിൽ ലഭ്യമാക്കുന്നുണ്ട്. ആശുപത്രികളെല്ലാം ദൂരെയാണ് എന്നതിനാൽ രോഗികൾക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടാണ് ഉള്ളത്. വാഹനങ്ങൾ ഒന്നും എളുപ്പത്തിൽ കിട്ടില്ല, മുൻപ് പ്രളയം വന്ന സമയത്തിന് സമാനമായ സാഹചര്യമാണ്. ലോക്ക്ഡൗണിന് മുൻപും സ്ഥിതി ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു. ‘കനവ്’ കൂട്ടായ്മയുടെ പ്രവർത്തകർ വീടുകൾ തോറും കയറി കാര്യങ്ങളെല്ലാം അന്വേഷിക്കാറുണ്ട്.

കൊറോണ വൈറസ് വ്യാപനത്തിനെതിരായുള്ള സുരക്ഷനിർദേശങ്ങൾ ആളുകൾക്കിടയിൽ പാലിക്കപ്പെടുന്നുണ്ടോ?
അതിനായുള്ള പരിശോധകൾ നടക്കാറുണ്ടോ?

തീർച്ചയായും പാലിക്കപ്പെടുന്നുണ്ട്. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വന്ന് ഓരോ വീടുകളും കൃത്യമായി പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്താറുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടണമെന്ന പോലീസ് നിർദേശങ്ങളുമുണ്ട്. നഗരങ്ങളിലേത്തിന് സമാനമായ നിർബന്ധങ്ങൾ ഇവിടെയും ഉണ്ട്. ഡെങ്കിപ്പനിയ്‌ക്കെതിരെയുള്ള സുരക്ഷാ മുന്നൊരുക്കങ്ങളും ഒപ്പം ശ്രദ്ധിക്കുന്നുണ്ട്.
അടച്ചിടൽ കാരണം മറ്റ്‌ കോളനികളിൽ എന്ത് സംഭവിക്കുന്നു എന്ന് അറിയാതെ പോവുന്ന അവസ്ഥ ഉണ്ടാവുന്നുണ്ട്. കുരങ്ങ് പനി വന്നതിനെ കുറിച്ചൊക്കെ അറിയാൻ വളരെ വൈകി.

leela santhosh

റേഷൻ അല്ലാതെ മറ്റ് സർക്കാർ സേവനങ്ങൾ ലഭ്യമാകുന്നുണ്ടോ?
ഇല്ല എന്നതാണ് യാഥാർഥ്യം. സിനിമാക്കാർ എന്ന പേരിൽ പലപ്പോഴും മാറ്റി നിർത്തപ്പെടുന്നുണ്ട്. പലപ്പോഴും പല സേവനങ്ങളും വളരെ ചുരുങ്ങിയ വിഭാഗത്തിന് മാത്രം ലഭ്യമാകുകയും അത് പെരുപ്പിച്ച് പുറം ലോകത്തെ കാണിക്കുകയുമാണ് ചെയ്യുന്നത്.

കോവിഡ്‌ 19 എന്ന മഹാമാരിയെ ആളുകൾ ഏത് തരത്തിലാണ് ഉൾക്കൊണ്ടിരിക്കുന്നത്?

ആളുകൾ ഈ പകർച്ചവ്യാധിയെക്കുറിച്ച് ഒട്ടും ബോധവത്കരിക്കപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. കൊറോണ വൈറസിനെ കുറിച്ചോ വൈറസ് വ്യാപനത്തെക്കുറിച്ചോ ധാരണയില്ലാത്ത വലിയൊരു വിഭാഗം ഇവിടെ ഉണ്ട്. ലോക്ക്ഡൗൺ കാരണം ആളുകൾക്ക് ഇടയിലേക്ക് ചെന്ന് പ്രവർത്തിക്കുന്നതിന് ബുദ്ധിമുട്ടുമുണ്ട്. വയനാട് ഒരു അതിർത്തി പ്രദേശമായതിനാൽ വൈറസ് വ്യാപനത്തെക്കുറിച്ച് കൂടുതൽ പേടിക്കേണ്ടതുമുണ്ട്. ഈ അസുഖത്തെ കുറിച്ച് ഇവിടുത്തെ ആളുകളെ കൂടുതൽ ബോധവൽക്കരിക്കാൻ എന്തെങ്കിലും പ്രവർത്തനങ്ങൾ നടക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്.

Leave a Reply