putham-pudhu-kaalai

പുത്തൻ തുടക്കങ്ങളുടെ കാലം

എഴുത്ത് ; അർജുൻ ഉണ്ണി

ഒടിടി പ്ലാറ്ഫോമുകളിൽ സിനിമ റിലീസ് ചെയ്യുന്നത് ഇപ്പൊ പുതിയ സംഭവമല്ല. കൊറോണക്കാലം കൊണ്ടു വന്ന വലിയ മാറ്റങ്ങളിൽ ഒന്നാണ് ഒടിടി പ്ലാറ്റ്ഫോമുകൾക്കായി ഒരുങ്ങുന്ന വലിയ സിനിമകൾ. ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ആന്തോളജി റിലീസുകളും പുതുമയുള്ള കാര്യമല്ല. ഹിന്ദിയിലും തമിഴിലും തെലുഗു വിലുമൊക്കെയായി ആമസോണും നെറ്റ്ഫ്ലിക്സും ആഹായുമൊക്കെ ആന്തോളജി സിനിമകളുമായി വന്നു കഴിഞ്ഞു. അക്കൂട്ടത്തിലെ ഏറ്റവും പുതിയ റിലീസാണ് തമിഴിലെ പ്രമുഖ സംവിധായകരായ സുധ കൊങ്കാര,ഗൗതം വാസുദേവ് മേനോൻ, സുഹാസിനി മണിരത്‌നം,രാജീവ് മേനോൻ,കാർത്തിക് സുബ്ബരാജ് എന്നിവർ അണിയിച്ചൊരുക്കിയ ‘പുത്തം പുതു കാലൈ’.

puthan puthukalAai

സുധ കൊങ്കാര സംവിധാനം ചെയ്ത ഇളമയ് ഇതോ ഇതോ ആണ് ആന്തോളജിയിലെ ആദ്യ ചിത്രം. ജയറാം, ഉർവശി, കാളിദാസ് ജയറാം, കല്ല്യാണി പ്രിയദർശൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ. രണ്ടു കമിതാക്കളുടെ പുനസമാഗമമാണ് ചിത്രത്തിന്റെ പ്രമേയം. ഇളമയ് ഇതോ ഇതോ എന്ന ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ തന്നെ പ്രണയം എങ്ങനെ മനുഷ്യനെ ചെറുപ്പമാക്കുന്നുവെന്ന് വിഷ്വലി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ സിനിമയ്ക്ക് സാധിക്കുന്നു. ഒപ്പം മനോഹരമായ കുറച്ചു കാഴ്ച്ചകളും. അലൈപായുതേ സിനിമയുടെ റെഫറൻസും, ആ റെഫറൻസിനെ കൃത്യമായി തീമിന് അനുസരിച്ച് ഉപയോഗിച്ചു എന്നതും ഒഴിച്ചുനിർത്തിയാൽ പ്രത്യേകിച്ചു പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത അവതരണവും പ്രമേയവുമാണ് ഇളമയ് ഇതോ ഇതോ യുടേത്.
തുടക്കത്തിലെ ഫ്രഷ്നസ് ആന്തോളജിയുടെ പൊതു സ്വഭാവത്തിലേക്ക് കടക്കുമ്പോ നഷ്ടപ്പെടുന്നു.

ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ അവരും നാനും/ അവളും നാനും ആണ് അടുത്ത ചിത്രം. ഏറെക്കുറെ സമാനതകളുള്ള ആദ്യ നാലു ചിത്രങ്ങളിൽ ഏറ്റവും മികച്ചതായി തോന്നിയത് ഈ ചിത്രമാണ്. ലോക്ഡൗൺ പിരിയഡിൽ മകൂടെ താമസിക്കാൻ വരുന്ന കൊച്ചുമകളും മുത്തച്ഛനും തമ്മിലുള്ള ഇമോഷണൽ ബോണ്ടിന്റെ കഥയാണ് അവരും നാനും/അവളും നാനും. എംഎസ് ഭാസ്കറും ഋതു വർമ്മയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ലാളിത്യമുള്ള തുടക്കത്തിൽ കഥാപരിസരത്തേക്കുള്ള ഭംഗിയുള്ള പോക്കും വീണ്ടും പരുക്കനെന്നു വിളിക്കാൻ കഴിയാത്തൊരു മടങ്ങിവരവുമൊക്കെ ചേർത്ത് ഭംഗിയായി എഴുതിയ തിരക്കഥയാണ് ചിത്രത്തിന്റെ ഭംഗി. ഇമോഷണൽ ഷിഫ്റ്റും അതുണ്ടാക്കുന്ന ട്രാൻസ്ഫർമേഷനും കൃത്യമായി കാണിക്കാൻ സാധിച്ചു എന്നതാണ് മറ്റൊരു പോസിറ്റിവ്.
ക്ലൈമാക്സും നന്നായിരുന്നു.

andria

സുഹാസിനി മണിരത്‌നം സംവിധാനം ചെയ്ത coffee anyone ആണ് മൂന്നാമത്തെ ചിത്രം. മൂന്നു സഹോദരിമാരും അവർക്ക് അമ്മയോടുള്ള ബോണ്ടിങ്ങുമാണ് ചിത്രത്തിന്റെ പ്രമേയം. ഈ ഹാസൻ ഫാമിലി സിനിമയിൽ ശ്രുതിഹാസൻ, അനു ഹാസൻ എന്നിവർക്കൊപ്പം സംവിധായിക കൂടിയായ സുഹാസിനി ഹാസനും വേഷമിടുന്നു. മദർഹുഡ് നെ ഒരു പ്രധാന കഥാപാത്രമായി സിനിമയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഇമോഷണൽ ഇമ്പാക്റ്റ് ഉണ്ടാക്കാൻ സാധിക്കാതെ പോയതും,വിഷ്വൽ ലാംഗ്വേജ് ന് പകരം ആവശ്യത്തിൽ കൂടുതൽ ഡയലോഗുകൾ ഉപയോഗിച്ചതും ചിത്രത്തെ പുറകോട്ട് വലിക്കുന്നുണ്ട്.

രാജീവ് മേനോന്റെ ‘റീയൂണിയ’ന്റെ പ്രമേയം കാലങ്ങൾക്ക് ശേഷമുള്ള രണ്ട് സ്‌കൂൾമേറ്റ്സിന്റെ കണ്ടുമുട്ടലാണ്. ആൻഡ്രിയയും ഗുരുചരണുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
മ്യൂസിക്കൽ സിനിമകളുടെ സംവിധായകന്റെ പോയറ്റിക്ക് സിനിമ എന്ന് റീയൂണിയനെ വിളിക്കാൻ ആണിഷ്ടം. ഓകെ കണ്മണിക്കും സില്ല് കരുപ്പട്ടിക്കും ശേഷം മറ്റൊരു ചാർമിങ് റോളിൽ ലീലാ സാംസൺ പിന്നെയും പ്രത്യക്ഷപ്പെടുന്നു. ഒരുപാട് ചിന്തിക്കാതെ ഒന്നിനെയും ജഡ്ജ് ചെയ്യാതെ വളരെ സിംപിൾ ആയിട്ടാണ് രാജീവ് മേനോൻ ചിത്രത്തെ ട്രീറ്റ് ചെയ്തിരിക്കുന്നത്. ആൻഡ്രിയയുടെ റിവീലിങ് ഡയലോഗും ലീല സാംസന്റെ റമ്മി കളി രംഗത്തിലെ ഡയലോഗുമൊക്കെ നന്നായിരുന്നു. ആദ്യനാലു സിനിമകളിൽ വളരെ ലളിതമായി ഒരുക്കിയ ചിത്രമാണ് റീയൂണിയൻ.

നാല് അപ്പർ ക്ലാസ് കഥകൾക്ക് ശേഷം വന്ന സുബ്ബരാജ് പടം ‘മിറാക്കിൾ’ ആണ് ആന്തോളജിയിൽ വേറിട്ട് നിൽക്കുന്നതായും ഏറ്റവും മികച്ചതായും തോന്നിയത്. ഒറ്റ ലൊക്കേഷനിൽ ഒതുങ്ങി നിന്നിരുന്ന സിനിമയെ സുബ്ബരാജ് പുറത്തു കൊണ്ടുവരുന്നു.കാർത്തിക്കിന്റെ ട്രേഡ്മാർക്കായ ട്വിസ്റ്റും ബ്ലാക്ക്‌കോമഡിയുമൊക്കെ അടങ്ങുന്ന ചിത്രം ആദ്യ നാലുസിനിമകൾക്ക് ശേഷം ഒരു റിലീഫ് ആണ്. എഴുത്തിലും സംഗീതത്തിലും ഒപ്പം ഒരു രംഗത്തിൽ ഉപയോഗിച്ച ഇളയരാജ പാട്ടിലുമൊക്കെ ആ ഭംഗി നിറഞ്ഞു നിൽക്കുന്നുണ്ട്. ഷോർട്ട് ഫിലിം ചെയ്തുള്ള പരിചയമുള്ള കാർത്തിക്കിന്റെ ഈ പടത്തിലും ആ ഈസിനെസ് കാണാൻ സാധിക്കും. ആന്തോളജിയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ ചിത്രമാണ്.

Leave a Reply