soubin

മലയാള സിനിമയും മാനസിക ആരോഗ്യവും

എഴുത്ത് ; ജോൺ ഫ്രാൻസിസ്

ലോകം മുഴുവനും നമ്മുടെ ഒക്കെ ജീവിതകാലത്തിലെ ഏറ്റവും വിഷമം പിടിച്ച ഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത്. ഒരു സാമൂഹ്യ ജീവി എന്ന നിലയിൽ മനുഷ്യന്റെ നിലനിൽപിന് ഏറ്റവും ആവശ്യമായ കാര്യമാണ് സമൂഹത്തിൽ നമ്മൾ നടത്തുന്ന ഇടപെടലുകൾ. അതു വൈകുന്നേരങ്ങളിൽ “അമ്മേ ഞാൻ കൂട്ടുകാരുടെ ഒന്ന് ടൗണിൽ പോയിട്ട് വരാം ” എന്ന പറച്ചിലിൽ തുടങ്ങുന്ന കൂട്ടുചേരലുകൾ തൊട്ട് രാഷ്ട്രീയ സമ്മേളനങ്ങൾ വരെയാകാം. നമ്മൾ അറിയാതെ തന്നെ ഇതൊക്കെ നമ്മുടെ മാനസിക ആരോഗ്യത്തിനു എത്രമാത്രം ആവശ്യമാണ് എന്ന് ഇപ്പോളാണ് മനസിലാകുന്നത്. ചുറ്റും മനുഷ്യരില്ലാത്ത, ഒന്ന് കെട്ടി പിടിക്കാനും ഒരുമിച്ച് ഒരു യാത്ര പോകാനും പറ്റാത്ത അവസ്ഥ നമ്മളെയൊക്കെ നന്നായി ബാധിക്കുന്നുണ്ട്. ഏറ്റവും പ്രചാരമുള്ള കാലമാധ്യമം സിനിമയാകുമ്പോൾ നമ്മളൊക്കെ ഒരു സിനിമ ഇടിച്ചുകുത്തി ടിക്കറ്റ് മേടിച്ചു FDFS കണ്ടുകൊണ്ടിരുന്നപ്പോൾ അതിന്റെ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുമ്പോൾ തിങ്ങി നിറഞ്ഞ ഒരു തീയേറ്റർ നമ്മുടെ ഏറ്റവും വലിയ ഒത്തുചേരലുകൾ ഒന്നായിരുന്നെന്ന് നന്നായി മനസിലാകുന്നുണ്ട് ഇപ്പോൾ. ഇപ്പൊ ഒരു തീയേറ്റർ തുറന്നാൽ പട്ടാളത്തെ ഇറക്കേണ്ടി വരും ചിലപ്പോൾ.

കൂട്ടുചേരലുകൾ ഇല്ലാതെയെങ്കിലും വളരെ പരിമിതമായ എന്നാൽ വളരെ ആവശ്യമായ ഒരു സാമൂഹിക ഇടപെടൽ സാധ്യമാക്കുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത. മനുഷ്യരെയും അവരുടെ ജീവിതങ്ങളെയും അടുത്ത് നിന്ന് കാണാൻ പറ്റാത്തവർ ഈ ലോക്ക് ഡൌൺ കാലത്ത് ടീവിയിലും മൊബൈലിലും കണ്ടു തീർത്ത സിനിമ, സീരിയലുകളുടെ എണ്ണം എടുത്താൽ മതി. “അളിയാ നല്ല ഒരു പത്തു പടത്തിന്റെ പേര് പറ, കാണട്ടെ ” എന്ന് മൂവിഫൈലുകളോട് ഈ മാസങ്ങളിൽ ചോദിക്കാത്ത എത്ര പേരുണ്ട് ഇവിടെ?
ഇതുവരെ കാണാത്ത ജോണറുകളിൽ ഭാഷ വ്യത്യാസമില്ലാതെ സിനിമയുടെ വലിയലോകത്തേക് ഒത്തിരി ആളുകൾ ഓടി കയറിയിട്ടുണ്ട് കോവിഡ് കാലത്ത്. ചുറ്റുമുള്ള സങ്കടങ്ങളെല്ലാം താത്കാലികമായി മാറ്റി വെക്കാൻ സിനിമയെ കൂട്ടു പിടിച്ചവർക്കറിയാം സിനിമ ഒരു ശരാശരി മനുഷ്യന് എത്ര വലിയ സുഹൃത്താണെന്ന്. സുഹൃത്തുക്കൾ എല്ലാം വഴികാട്ടികൾ ആകണമെന്നില്ലെങ്കിലും. മാനസികാരോഗ്യത്തിന് ഇത്ര അത്യന്താപേക്ഷികമായ സിനിമ മാനസികആരോഗ്യം എന്ന വിഷയത്തേക്കുറിച്ച് എത്രമാത്രം സംസാരിക്കുന്നു? അതിൽ കാലോചിതമായി വന്ന ട്രെന്ഡുകൾ, മാറ്റങ്ങൾ ഒക്കെ ഏതൊക്കെ ആണ്?

കുറച്ചു പതിറ്റാണ്ടുകൾക് മുന്നേ വരെ മാനസികാരോഗ്യം ഇല്ലാത്തവർ സിനിമകളിൽ ഹാസ്യ കഥാ പാത്രങ്ങൾ ആയിരുന്നു. മനോരോഗങ്ങളെ കുറിച്ച് സംസാരിക്കുന്ന മണിച്ചിത്രത്താഴ് പോലുള്ള പോപ്പുലർ ക്രാഫ്റ്റുകളിൽ വരെ കാട്ടുപറമ്പന് വരുന്ന അക്യൂട്ട് സ്ട്രെസ് ഡിസ്ഓർഡറും, പോസ്റ്റ് ട്രൗമാറ്റിക് സ്ട്രെസ് ഡിസ് ഓർഡറും തമാശ രൂപേണ ആണ് അവതരിപ്പിച്ചിരിക്കുന്നത്. കല കാലാതീതമായിരിക്കണം എന്ന് വാശി പിടിക്കുന്നതിൽ അർത്ഥമില്ല. അതുകൊണ്ട് തന്നെ അതിലെ ശരി തെറ്റുകൾ വിശകലനം ചെയ്യുന്നത് പലപ്പോഴും വ്യഥാവിലാണ്. അതിനേക്കാൾ രസം എങ്ങനെ ആണ് നമ്മുടെ സിനിമ കാലങ്ങളിലൂടെ മാനസിക ആരോഗ്യത്തെ /രോഗങ്ങളെ നോക്കി കാണുന്നത് മാറ്റിയത് എന്ന് നോക്കുന്നതാണ്. അപ്പോൾ നമ്മുക്ക് മനസിലാകും സമൂഹത്തിന്റെ തിരിച്ചറിവുകൾ സിനിമകളിൽ പ്രതിഫലിക്കുന്നത്. സിനിമ നമ്മൾക്കിടയിൽ നിന്ന് നമ്മുക്ക് വേണ്ടി നിർമ്മിക്കപ്പെടുന്നതാണല്ലോ. ജനാധിപത്യപരമായ ആ പ്രക്രിയയിൽ ജനാധിപത്യത്തിന്റെ എല്ലാ കുറ്റങ്ങളും കുറവുകളും കാണും. അതു ഇല്ലാതാക്കാൻ ഒരു സുപ്രഭാതത്തിൽ സാധിക്കില്ല. കല നൂറു ശതമാനം പൊളിറ്റിക്കലി കറക്റ്റ് ആകണമെങ്കിൽ ആദ്യം നമ്മളൊക്കെ അങ്ങനെ ആകണം. ആനുകാലിക സിനിമയെ ചുറ്റിപറ്റിയുള്ള ചർച്ചകൾ അതിലേക്കുള്ള ഒരു വഴി മാത്രം. ചർച്ച ജനാധിപത്യത്തിൽ അനിവാര്യമാകുന്നത് പോലെ സിനിമയിലും അനിവാര്യമാണ്. കാരണം ആദ്യം സൂചിപ്പിച്ചത് പോലെ നമ്മൾക്കിടയിൽ നിന്ന് നമ്മുടെ സംസ്കാരത്തിന്റെ പ്രതിനിധികളായ കലാകാരന്മാർ നമ്മുക്കായി ഉണ്ടാക്കുന്ന ഏറ്റവും ജനാതിപത്യപരമായ ഒരു കലാരൂപമാണ്, നിലപാടാണ്, സാമൂഹ്യഇടപെടലാണ് സിനിമ.

ക്ലാസ്സിക്കൽ സൈക്കിയേറ്ററി മനോരോഗങ്ങളെ സൈക്കോസിസ് എന്നും ന്യൂറോസിസ് എന്നും തിരിക്കാറുണ്ട്. മണിച്ചിത്രത്താഴിലെ നമ്മുക്കെല്ലാം ഓർമ ഉള്ള “ന്യൂറോസിസിൽ തുടങ്ങി സൈക്കോസിസിന്റെ, ചിത്തഭ്രമത്തിന്റെ..”എന്ന ഡയലോഗിൽ പറഞ്ഞ അതെ സംഭവങ്ങൾ തന്നെ. അതിന്റെ ഡീറ്റെയിൽസിലേക്ക് കടക്കുന്നില്ല. വെറുതെ നിങ്ങൾ ബോർ അടിക്കും എന്നതിൽ ഉപരി എന്റെ അല്പജ്ഞാനവും കാരണമാണ്. എന്റെ പരിമിതികളിൽ നിന്ന് സിനിമകളെ കുറിച്ച് പറയാം. മലയാള സിനിമകളിൽ കൂടുതൽ സൈക്കോസിസ് അല്ലെങ്കിൽ ചിതഭ്രമങ്ങൾ ആണ് കൂടുതൽ വിഷയമാക്കിയത് എന്ന് കാണാം. ഒരുപക്ഷെ നാറാണത്ത് ഭ്രാന്തനിൽ തുടങ്ങി നമ്മൾ കെട്ടിട്ടുള്ള കഥകളിൽ എല്ലാം വളരെ തെളിവോടെ കാണുന്ന മനോരോഗങ്ങൾ ആകാം വെള്ളിത്തിരയിൽ ചിത്രീകരിക്കാൻ എളുപ്പം എന്നുള്ളത് കൊണ്ടാകാം. അല്ലെങ്കിൽ കുറച്ചുകൂടി പൊതുസമൂഹത്തിന് ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ വിഷമമുള്ളതെങ്കിലും വ്യക്തിജീവിതത്തിൽ വളരെ വലിയ പാകപിഴകൾ ഉണ്ടാക്കുന്ന, വല്ലാതെ വിഷമിപ്പിക്കുന്ന ന്യൂറോസിസ് അവസ്ഥാന്തരങ്ങൾ ആയ ഡിപ്രെഷൻ, ആൺക്സായ്റ്റി ഡിസ്ഓർഡറുകൾ സമൂഹം വരെ മനസ്സിലാക്കാത്ത, അംഗീകരിക്കാത്ത അവസ്ഥകൾ ഉള്ളത് കൊണ്ടാകാം. നേരത്തെ പറഞ്ഞത് പോലെ, സമൂഹം മാറുമ്പോളെ സിനിമയും പ്രമേങ്ങളും മാറു.പതുകെ മാറുന്നുണ്ട് അത്.
സൈക്കോസിസിലെ ഓർഗാനിക് ഡിസ്ഓർഡറുകൾ ആയ ഡിമെൻഷിയ പ്രമേയം വരുന്ന സിനിമകൾ ആണ് തന്മാത്രയും(2005) കേരള കഫെ ആന്തോളജിയിലെ (2009) ദി ബ്രിഡ്ജ് എന്ന ഭാഗവും. തന്മാത്രയിൽ മോഹൻലാൽ അൽഷിമേഴ്സിന്റെ പ്രാരംഭകാലം ഒരാളുടെ ജീവിതത്തിൽ വരുത്തുന്ന വിള്ളലുകൾ രമേശനിലൂടെ വെള്ളിത്തിരയിൽ അനശ്വരം ആക്കിയപ്പോൾ മലയാളിക്കിടയിൽ ആ അസുഖവസ്ഥയെ കുറിച്ചുള്ള ഒരു വലിയ ചർച്ചയ്ക്കു തന്നെ അത് വഴി വെച്ചു.

thanmatra

കെയർഗിവേഴ്സ് ബർഡൻ ഒക്കെ വളരെ നന്നായി തന്നെ തന്മാത്രയിലും ബ്രിഡ്ജിലും പ്രതിപാധിച്ചിട്ടുണ്ട്. ഒരു വലിയ സമൂഹത്തെ തന്നെ ഈ വിഷയങ്ങളിലേക് അടുപ്പിക്കാൻ ഈ സിനിമകൾക് സാധിച്ചു. സപ്തമശ്രീ തസ്കര(2014) യിലെ ലിവർ തലയിൽ വീണ ലീഫ് വാസു കഥാപാത്രം ഒരല്പം ഹാസ്യലാഖവത്തോടെ ആണ് അവതരിപ്പിച്ചിട്ടുള്ളത് എങ്കിലും ഹെഡ് ഇഞ്ചുറി കൊണ്ടു ഉണ്ടാക്കുന്ന വൈകാരികതയിലെ ഏറ്റക്കുറച്ചിലുകൾ ആണ് കാണിച്ചിരിക്കുന്നത്. അവസാനം ഒരു പെട്ടി നിറയെ കാശ് കയ്യിൽ വന്നിട്ടും സന്തോഷം പോലും തോന്നാതെ ഇരിക്കുന്ന കഥാപാത്രം സുധീർ കരമന നന്നായി അവതരിപ്പിച്ചെങ്കിലും എന്റർടൈൻമെന്റീനപ്പുറം ഒരു തലം അതിനു കിട്ടിയില്ല. പെട്ടെന്നുള്ള ട്രോമ കൊണ്ടു ഉണ്ടാക്കുന്ന അംനേഷ്യ കാണിച്ചിരിക്കുന്ന ചിത്രങ്ങൾ ആണ് ഇന്നലെ (1989),മുംബൈ പോലീസ് (2013), പ്രേമം (2014), ഓർമ്മയുണ്ടോ ഈ മുഖം (2015) എന്നിവ. ഇതിൽ ഓർമ്മയുണ്ടോ ഈ മുഖം എന്ന സിനിമയിൽ നമിത പ്രമോദിന്റെ കഥാപാത്രം അന്റെരോഗ്രേഡ് അംനേഷ്യ അല്ലെങ്കിൽ ഷോര്ട്ട് ടെർമ് മെമ്മറി ലോസ് ആണ് കാണിച്ചിരികുന്നത്. ഗജനിയിലെ അതെ അസുഖം. പക്ഷെ ആന്ററോഗ്രേഡ് അംനേഷ്യയുടെ വേറെ പല പ്രശ്നങ്ങളും ഒഴിവാക്കിയായിരുന്നു ഈ അവതരണം എന്നുള്ളത് വെള്ളിത്തിരയുടെ പരിമിതിയാണ് എന്ന് വിചാരികാം. യഥാർത്ഥ ജീവിതങ്ങൾ സിനിമ ആക്കാൻ പലപ്പോഴും വിഷമം ആയത് കൊണ്ടാകാം. അതിനുള്ള കുറഞ്ഞ വിപണന സാധ്യത ആലോചിച്ചിട്ടാവാം. സിനിമ ബിസിനസ് ആണലോ.

namitha

സബ്സ്റ്റൻസ് അബ്യുസ് ഡിസ്ഓർഡറുകൾ മലയാള സിനിമ ചർച്ച ചെയ്യുന്നത് പലപ്പോഴും വിഡ്ഢിയാസുരന്മാരായ കള്ളുകുടിയന്മാരിലൂടെ ആണ് ഇതിനൊരു അപവാദം ആണ് പ്രണാമം, (1986- പീർ പ്രഷറും കുടുംബബന്ധങ്ങളിലെ പാളിച്ചകളും ലഹരിയുടെ അമിത ഉപയോഗത്തിലേക്ക് യുവാക്കളെ തള്ളി വിടുന്നത് കാണിച്ചിരിക്കുന്നു),ചുഴി (1973), കെ. ജി ജോർജിന്റെ ഈ കണ്ണി കൂടി (1990), സ്പിരിറ്റ് (2011)എന്നിവ.
ഇതിൽ സ്പിരിറ്റ് മലയാളികളെ ഇരുത്തി ചിന്തിപ്പിച്ച സിനിമയാണ്. രഞ്ജിത്തിന്റെ സോഷ്യൽ കമ്മിറ്റ്മെന്റുള്ള മികച്ച ഒരു ക്രാഫ്റ്റ്. 2015 ൽ ഇറങ്ങിയ നീന ആൽക്കഹോലിസം ഒരു സ്ത്രീ കേന്ദ്ര കഥാപാത്രത്തെ വെച്ച് നന്നായി ചിത്രീകരിച്ച സിനിമ ആണ്. അതിന്റെ ചികിത്സയും, പിന്നീടുള്ള ജീവിതവും ഇതിൽ ഡീറ്റൈൽ ആയി പ്രതിപാദിച്ചിരിക്കുന്നു. ആശ്രമങ്ങളും, പ്രാർത്ഥനകേന്ദ്രങ്ങളും അല്ല പലപ്പോഴും മദ്യപാന ആസക്തിക്ക് പരിഹാരം. ജീതു ജോസെഫിന്റെ പ്രിത്വിരാജ് ചിത്രം മെമ്മറിസും (2013) ഈ വിഷയം പറഞ്ഞു പോകുന്നുണ്ട്. വെറുപ്പിക്കാതെ. ഇതേ പ്രിത്വിരാജ് തന്നെയാണ് പാവാടയിൽ(2016) അഭിനയിച്ചത്.

memmories

കുട്ടികാലത്തേയും പിൻകാലത്തേയും പല ദുരനുഭവങ്ങൾ കൊണ്ടുണ്ടാകുന്ന സൈക്കോട്ടിക് ഡിസ്ഓർഡറുകൾ പ്രതിപാദിക്കുന്ന മലയാള സിനിമകൾ അനവധി ആണ്. യക്ഷി (1968) തൊട്ട് അനന്തരം (1987), ഒരുവൻ (2007), മരിച്ചുപോയ പ്രിയപെട്ടവരോട് സംസാരിക്കുന്ന അഹം (1992), ടൈം (2007), ഇല്ലാത്ത കഴുകന്മാരെ ഹാലൂസിനേറ്റ് ചെയ്യുന്ന സദ്ഗമയ (2010), പടിപടിയായി പാരനോയയിലേക്കുള്ള വീഴ്ച കാണിക്കുന്ന എലിപത്തായം (1989) എന്ന അടൂർ ക്ലാസ്സിക്, ചിത്തഭ്രമത്തിലേക്ക് വീണു പോകുന്ന സ്നേഹനിധികൾ ആയ അച്ഛന്മാരെ കാണിക്കുന്ന മമ്മൂട്ടി അനശ്വരം ആക്കിയ ഭൂതകണ്ണാടി (1997), വെറുതെ ഒരു ഭാര്യ (2008), ഇല്ലാത്ത ആളുകളെ കാണുന്ന അരികിൽ ഒരാൾ (2013), ഇല്ലാത്ത വണ്ടിന്റെ മൂളൽ കേൾക്കുന്ന ഭ്രമരം (2009), വയറ്റിൽ കുതിര ഉണ്ടെന്ന് കഥാപാത്രം വിശ്വസിക്കുന്ന ഉള്ളടക്കം (1991), കാഴ്ചയ്ക്കു പ്രശ്നം ഉള്ളവരിൽ കാണുന്ന ചാൾസ് ബോണ്ണറ്റ് സിൻഡ്രോമ് കാണിക്കുന്ന ജവാൻ ഓഫ് വെള്ളിമല (2012), സുരേഷ് ഗോപിക്ക് നാഷണൽ അവാർഡ് നേടികൊടുത്ത കളിയാട്ടം (1997) തുടങ്ങി അനേകം സിനിമകൾ ഉണ്ട്. ഇതിൽ യഥാർഥ്യത്തോട് അടുത്ത് നിൽക്കുന്നവ എത്ര എണ്ണം ഉണ്ടെന്നുള്ളത് വേറെ കാര്യം.
1986 ഇൽ ഇറങ്ങിയ താളവട്ടം സ്കിസോഫർണിക് ആയ കേന്ദ്ര കഥാപാത്രത്തെ കാണിക്കുമ്പോൾ അതും റിയാലിറ്റിയിൽ നിന്ന് വിട്ട് നില്കുന്നുണ്ട്. ഒരു മാനസിക രോഗ ആശുപത്രി തമാശകൾ നിറച്ച ഒരു ‘ഭ്രാന്താശുപത്രി’ മാത്രം ആക്കിയത് പ്രേക്ഷകന് വേണ്ടി ആകാം. പ്രേക്ഷകൻ ഡിമാൻഡ് ചെയ്താൽ ഇനി വരുന്ന ചിത്രങ്ങളിൽ അത്തരം തമാശകൾ കുറയാവുന്നതേ ഉള്ളൂ. ഡിമാൻഡ് ചെയ്യണം പക്ഷെ.

കാലം മാറുന്നത്തോടെ മനോരോഗത്തെ പ്രമേയമാകുന്നതിൽ മലയാളസിനിമയിൽ വ്യത്യാസം വരുന്നത് കാണാം. മലയാളി പതുക്കെ മാത്രം എത്തിപെടുന്ന ആസ്വാധനപക്വതയുടെ ലാഞ്ചനകൾ ആണിത് എന്ന് വായിക്കാം. ന്യൂറോസിസിൽ പെടുന്ന ഡിപ്രെഷനും,ആൺക്സായ്റ്റി ഡിസ്ഓർഡറുകളും നമ്മുൾ ജീവിക്കുന്ന സമൂഹത്തിൽ വലിയ അളവുകളിൽ കാണാം. അവയ്ക് സിനിമയിൽ സ്ഥാനം ലഭിക്കുന്നത് സമൂഹത്തിൽ അവഗണിക്കപ്പെടുന്ന ഇത്തരം അവസ്ഥകളെകുറിച്ചുള്ള ബോധവൽക്കരണത്തിനു കാരണം ആകും. ഇതൊന്നും പിടിവാശിയോ, അൽസതയോ, നമ്മൾക്കു നിയന്ത്രിക്കാൻ എപ്പോളും പറ്റുന്ന അവസ്ഥകളോ അല്ലെന്ന വളരെ ബേസിക് ആയുള്ള അവബോധംമെങ്കിലും കിട്ടിയാൽ അതൊരു വലിയ കാര്യമെന്ന് ഞാൻ പറയും.
പോസ്റ്റ് പാർട്ടം ഡിപ്രെഷൻ കാണിക്കുന്ന ശ്യാമപ്രസാദ് മമൂട്ടി കൂട്ടുകെട്ടിന്റെ ഒരേ കടൽ (2007), വിഷാദത്തിന്റെ അവസ്ഥാന്തരങ്ങൾ കാണിക്കുന്ന കൃഷ്ണ ഗോപാലകൃഷ്ണ (2002), നവംബറിന്റെ നഷ്ടം (1982), സന്മസുള്ളവർക് സമാദാനം (1986), ബൈ പോളർ ഡിസ്ഓർഡർ കാണിക്കുന്ന വടക്കുംനാഥൻ (2006), ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് (2013), സൈലെൻസ് (2013), പരിധിയിൽ കൂടുതൽ അടുക്കും ചിട്ടയും, വാശികളും ലക്ഷണമായുള്ള ഒബ്സെസ്സീവ് കമ്പലസീവ് ഡിസോർഡർ പ്രതിപാദിക്കുന്ന അഹം (1992), നോർത്ത് 24 കാതം (2013) തുടങ്ങിയവ മികച്ച സൃഷ്ടികൾ ആണ്. ഇതിൽ ഇടുങ്ങിയ ഇടങ്ങളോടുള്ള പേടിയും നോർത്ത് 24 കാത്തത്തിൽ കാണിക്കുന്നുണ്ട്. അസുഖമുള്ള ആളെ കുറച്ചു കാണിക്കാതെ കഴിവതും നോർമലൈസ് ചെയ്തു കാണിച്ചിട്ടുണ്ട് ഈ ചിത്രത്തിൽ. ഭാർഗവചരിതം മൂന്നാം ഗന്ധം (2006) ൽ പക്ഷെ ഇന്റൻസ്
ആൺക്സായ്റ്റി ഉള്ള കഥാപാത്രത്തെ വളരെ ലാഘവത്തോടെ തമാശ രൂപേണ ആണ് കാണിച്ചിരിക്കുന്നത്. ഒരു സിനിമ എന്ന നിലയിൽ വരെ ഒഴിവാക്കേണ്ടതായിരുന്നു ആ ചിത്രം. പടം കോമഡി ആണെങ്കിലും ആൺക്സയറ്റി കോമഡി അല്ല.

trance

ഇനിയും ചിത്രങ്ങൾ ഒരുപാടുണ്ട്. പലതും വെറും “ഭ്രാന്തന്മാരെ ” തമാശയ്ക്കോ അല്ലെങ്കിൽ വളരെ നെഗറ്റീവ് ആയുള്ള സ്റ്റീരിയോടൈപ്പുകളിൽ കാണിച്ച ചിത്രങ്ങൾ. അതിൽ ചിലതൊക്കെ കലമൂല്യത്തിൽ ഉയർന്നു നില്കുന്നവയും. ലോക മാനസിക ആരോഗ്യദിനമായ ഇന്ന് അവയെ ഞാൻ ഒഴിവാകുന്നു. അതല്ലാതെ തന്നെ ഒരു പോസ്റ്റിന്റെ പരിമിതിയിൽ നിറുത്തുന്നത് കൊണ്ടു വിട്ടു പോയ ചിത്രങ്ങൾ നിങ്ങൾ കമന്റിൽ പറയണം.
ഇന്നത്തെ സിനിമയിലേക് നോക്കിയാൽ മനോരോഗങ്ങളെ സംബന്ധിച്ച പ്രേമയങ്ങളിലും ട്രീട്മെന്റിലും വ്യക്തമായ മാറ്റങ്ങൾ കാണാം. ഒരു പ്രധാന മാറ്റം എന്ന് പറഞ്ഞാൽ അസുഖം ഉള്ള കഥാപാത്രങ്ങൾ കൂടുതൽ ചികിത്സ തേടുന്നത് കാണാം. അതൊരു വലിയ കാര്യം ആണ്. മനോരോഗ ചിക്കത്സയോടും കൗൺസിലിംഗിനോടും ഉള്ളൊരു വിമുഘത മാറാൻ ഉപകരിക്കും ഇത്.
ട്രാൻസിൽ (2020) വിഷാദം വളരെ സീരിയസ് ആയി ഒട്ടും തമാശ കൂടാതെ ചില ഇടങ്ങളിൽ ട്രീറ്റ് ചെയ്യുന്നുണ്ട്. വിഷാദം എന്നാൽ വെറും മൂഡ് ഔട്ട് അല്ലെന്നും, ഒത്തിരി ചിരിക്കുന്നവരും ചിരിപ്പിക്കുന്നവരും പലപ്പോഴും വിഷാദരോഗം അനുഭവിക്കുന്നവരും ആകാം എന്നും താര ആത്മഹത്യകൾ വരെ കാണിച്ചു തരുന്ന കാലത്ത് ഡിപ്രെഷൻ സീരിയസ് ആയി, ഡീറ്റൈൽ ആയി ട്രീറ്റ് ചെയ്യുന്ന ക്രാഫ്റ്റുകൾ വരട്ടെ. സോഷ്യൽ മീഡിയ അഡിക്ഷൻ ഒക്കെ മാനസിക രോഗമായി ലോകാരോഗ്യ സംഘടന അംഗീകരിച്ച ഈ കാലത്ത് അതൊക്കെ പ്രമേയമാക്കി സിനിമ വരും എന്ന് പ്രതീക്ഷിക്കാം.

trans

സ്നേഹിക്കുന്നവരും കൂട്ടുകാരും ഒക്കെ നഷ്ടപെടുമ്പോൾ ഒന്നുങ്കിൽ പ്രതികാരം ചെയ്യുന്ന അല്ലെങ്കിൽ കള്ളുകുടിച്ചു ഒറ്റയടിക്ക് മറക്കുന്ന അതിമാനുഷരെ കണ്ടു ശീലിച്ച മലയാളിക്കു വളരെ റിഫ്രഷിങ് ആണ് കുമ്പളങ്ങി നൈറ്റ്സിൽ (2019) കൂട്ടുകാരന്റെ കഥാപാത്രത്തിന്റെ മരണത്തിനു കാരണം ആകുമ്പോൾ ആകെ കിളി പോയൊരിക്കുകയാ എന്നെ ആശുപത്രിയിൽ കൊണ്ടു പോകാൻ പറയുന്ന, അവിടെ ഡോക്ടറെ കെട്ടിപിടിച് കരയുന്ന സൗബിന്റെ കഥാപാത്രം. അയാളോട് സ്നേഹത്തോടെ പെരുമാറുന്ന ഡോക്ടറും. താളവട്ടത്തിൽ സോമൻ അവതരിപ്പിച്ച ഡോക്ടറിൽ നിന്ന് നല്ല ദൂരം വന്നു നമ്മൾ.മാറ്റമാണ്, പതുക്കെയാണ്.. സിനിമയിലൂടെ ചിലതൊക്കെ ചിലപ്പോൾ പറയേണ്ടത് ആവശ്യം ആണ്. അതിനൊക്കെ വലിയ ഇമ്പാക്ട് ഉണ്ട് സമൂഹത്തിൽ.ഈ ലോക മനസികാരോഗ്യ ദിനത്തിൽ അകലെ ഉള്ളവരെ അടുത്ത് വിളിച്ചിരുത്തുക, അടുത്തുള്ളവരെ കെട്ടിപിടിക്കുക. ഒരു ചെവി കൊടുക്കുക. നമ്മളൊക്കെ മനുഷ്യരല്ലേ, നമ്മക്ക് നമ്മളില്ലാതെ പറ്റില്ല.

Leave a Reply