sara

മാറുന്ന മലയാള സിനിമയും നിലപാടുകളും

എഴുത്ത് : അ‍‍ർജുൻ ഉണ്ണി

പൃഥ്വിരാജ് ചിത്രം ‘കോൾഡ് കേസ്’ ന്റെ ചൂടാറും മുമ്പ്  ആമസോൺ പ്രൈം സ്‌ട്രീം ചെയ്ത പുതിയ മലയാളം സിനിമയാണ് ‘സാറാസ്’. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ കഥയാവശ്യപ്പെട്ട് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിലൂടെ കണ്ടെത്തിയ നവാഗതനായ അക്ഷയ് ഹരീഷ് ആണ്.  തന്റെ മുൻചിത്രങ്ങളിലെ പോലെ തന്നെ സ്ത്രീകഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതാണ് ജൂഡിന്റെ ഈ ചിത്രവും. പക്ഷെ മറ്റ് രണ്ട് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി സാറാസിന് വ്യക്തമായ ഐഡന്റിറ്റി ഉണ്ട്. മാതൃത്വത്തെ ഗ്ലോറിഫൈ ചെയ്യുന്ന മലയാളത്തിലെ മുൻ മാതൃകകളിൽ നിന്ന് വ്യത്യസ്തമായി ഒരു പെൺകുട്ടിയുടെ ഒരേയൊരു ലക്ഷ്യം അമ്മയാവുക എന്നതല്ലെന്നും പെണ്ണിന്റെ ശരീരത്തിൽ അവർക്കുള്ള അവകാശം മാറ്റർക്കുമില്ലെന്നും പറഞ്ഞുവെക്കുന്നതിലൂടെയാണ് സാറാസ് ശ്രദ്ധേയമാവുന്നത്.

saras

സാറ(അന്ന ബെൻ)യുടെ പ്ലസ് ടൂ കാലഘട്ടം അവതരിപ്പിക്കുന്ന ആദ്യരംഗം മുതൽ സംവിധായകൻ ആ കഥാപാത്രത്തെ പ്രേക്ഷകനുമായി കൃത്യമായി ബന്ധിപ്പിക്കുന്നുണ്ട്. ഇങ്ങനെ തുടങ്ങുന്ന സിനിമകളിൽ സാധാരണ കഥ പുരോഗമിക്കുന്നതിനനുസരിച്ച് അഭ്യുദയകാംക്ഷികളായ അച്ഛൻ, അമ്മ, അമ്മാവൻ, ചേച്ചി കഥാപാത്രങ്ങളുടെ മേലോഡ്രാമാറ്റിക് സംഭാഷണങ്ങളുടെ അകമ്പടിയോടെ സ്ത്രീജന്മത്തിന്റെ സാഫല്യം അമ്മയാവുന്നതാണ് എന്ന ക്ളീഷേ സന്ദേശം കേറി വരാറാണ് പതിവ്. ഇവിടെ അത്തരം പതിവുകൾ തെറ്റിക്കുന്നുണ്ട്. പ്ലസ് ടു കാലത്തിലെ ആദ്യരംഗം മുതൽ അവസാന രംഗം വരെ അന്നയുടെ കഥാപാത്രത്തിന് കൺസിസ്റ്റൻസി അവകാശപ്പെടാൻ സാധിക്കുന്നുണ്ട്.

ഞെട്ടിക്കുന്നതോ അത്യാകർഷകമോ ആയ മാജിക്കൊന്നും അക്ഷയ് ഹരീഷിന്റെ സ്ക്രിപ്റ്റിൽ ഇല്ല. എന്നാൽ, കാലങ്ങളായി സ്ക്രീനിലും പുറത്തും കണ്ടുവരുന്ന ക്ളീഷേകൾ തിരുത്തി ചിന്തകളിൽ മാറ്റം അനിവാര്യമാണെന്ന് അടിവരയിയുന്നിടത്താണ് തിരക്കഥാകൃത്ത് വിജയിക്കുന്നത്. ഈ ക്ളീഷേകളോട് സൗമ്യമായി കലഹിക്കുന്ന തിരക്കഥയെ ഒരു ഡീസന്റ് ഫീൽഗുഡ് അനുഭവമാക്കി ജൂഡ് പ്രേക്ഷകനിൽ എത്തിക്കുന്നു. ലോക്ക്ഡൗൺ കാലത്ത് വളരെ പരിമിതമായി ഒരുക്കിയ സിനിമയെങ്കിലും അതിന്റെ പരാധീനതകൾ മേക്കിങ്ങിൽ എവിടെയും അനുഭവപ്പെടുന്നില്ല.

anna ben

കുമ്പളങ്ങി നൈറ്റ്‌സ്, കപ്പേള, ഹെലൻ എന്നീ ചിത്രങ്ങളിലേത് പോലെ തന്നെ അന്നയുടെ മറ്റൊരു കഥാപാത്രമാണ് സാറ. ആ ചിരി തന്നെ പോസിറ്റീവ് ആണ്. സാറയുടെ വിവിധ കാലഘട്ടങ്ങളിലെ മാനസിക പരിണാമങ്ങളൊക്കെ കൺവിൻസിങ് ആയി, എഫർട്ലെസ് ആയി അന്ന അവതരിപ്പിക്കുന്നു. സണ്ണി വെയ്ന് പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ലെങ്കിലും വന്ന സീനുകളിലൊക്കെ സ്‌ക്രീനിൽ കാണാൻ രസമുണ്ടായിരുന്നു. ലാലു അലക്സിന്റെ കുത്തകയായിരുന്ന ‘നല്ലച്ഛൻ’ കഥാപാത്രങ്ങളിലേക്ക് ഓം ശാന്തി ഓശാനയിലൂടെ രഞ്ജി പണിക്കരെ പ്രതിഷ്ഠിച്ച ജൂഡ് ഇത്തവണ നായികയുടെ ഒറിജിനൽ അച്ഛനെയാണ് ആ പണി ഏൽപ്പിച്ചത്. അരങ്ങേറ്റം മോശമല്ലാതെ അദ്ദേഹം നന്നാക്കിയിട്ടുമുണ്ട്.

anna ben

അച്ഛനും മകളും സ്ക്രീനിൽ വരുന്നത് കാണാൻ രസമാണ്. മല്ലിക സുകുമാരൻ, ഹാപ്പിനെസ് പ്രോജക്ട് അവതാരിക ധന്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഇവർക്കൊപ്പം പ്രമുഖ താരങ്ങൾ മുതൽ യൂട്യൂബ് താരങ്ങൾ വരെയുള്ളവരുടെ ഗസ്റ്റ് റോളുകളും സിനിമയുമായി നന്നായി ബ്ലെൻഡ് ആവുന്നുണ്ട്. നിമീഷ് രവിയുടേതാണ് ഛായാഗ്രഹണം. ഷാൻ റഹ്മാന്റെ പാട്ടുകൾ സിനിമയ്ക്ക് പ്രത്യേകിച്ച് ഉപദ്രവമോ ഉപകരമോ ഇല്ലാത്തവയാണ്. ടെയ്ൽ എൻഡും അതിനുണ്ടാക്കിയ കഥാപാത്രങ്ങളും ഇതേപോലെ നിരൂപദ്രവകരമാണ്. ചുരുക്കത്തിൽ വളരെ പോസിറ്റിവായി മികച്ച ഒരു ഉള്ളടക്കത്തെ പ്രേക്ഷകനുമായി കണക്ട് ചെയ്യുന്നു എന്നതാണ് സാറാസിനെ സമീപകാല ഒടിടി റിലീസുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

Leave a Reply