rajini

രജനി എന്ന നടികൻ

എഴുത്ത്; അർജുൻ ഉണ്ണി

രജനി എന്ന പേര് ഒരു ശരാശരി സിനിമാപ്രേമിക്ക് സ്റ്റാർഡത്തിന്റെ അവസാന വാക്കാണ്. കാറിന് പുറത്തിറങ്ങി നിന്ന് സിഗററ്റ് വലിച്ചാൽ സംസ്ഥാന മുഖ്യമന്ത്രിയുടെ കാർ ബ്ലോക്കാവുന്നത് വരെയുണ്ട് ആ സ്റ്റാർഡത്തിന്റെ റേഞ്ച്.
രജനി എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്നതും ഇതൊക്കെത്തന്നെയാണ്.
അണ്ണാമലൈ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ അകമ്പടിയോട് കൂടിയ ടൈറ്റിൽ കാർഡ്,സിഗരറ്റ് സ്റ്റൈൽ,നീളൻ മുടി പിന്നിലേക്ക് ഒതുക്കൽ,പഞ്ച് ഡയലോഗുകൾ,സിഗ്നേച്ചർ മൂവുകൾ പിന്നെ ഗുരുത്വാകർഷണബലത്തെ വെല്ലു വിളിക്കുന്ന സംഘട്ടന രംഗങ്ങൾ ഇതൊക്കെ ഇന്നും തീയറ്ററുകൾ പൂരപ്പറമ്പാക്കാൻ പോന്നവയാണ്. അതുകൊണ്ടാണ് 1978 ൽ ഭൈരവിയുടെ ടൈറ്റിലിൽ തെളിഞ്ഞ സൂപ്പർ സ്റ്റാർ ടൈറ്റിൽ കാർഡ് ദർബാർ വരെ മാറ്റമില്ലാതെ തുടരുന്നത്.

കമൽ കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്ത് സിനിമയിലെത്തി കമലിനൊപ്പവും പിന്നീട് ബോക്സ് ഓഫീസിൽ കമലിന് മുകളിലും വളർന്ന ചരിത്രമാണ് രജനിയുടേത്. ‘മുരട്ടുകാളൈ’ എന്ന ഇൻഡസ്ട്രി ഹിറ്റ് സിനിമയിലൂടെ രജനി എന്ന നടൻ പൂർണമായും ഒരു കമേഴ്‌സ്യൽ താരമായി മാറുകയായിരുന്നു. തുടരെത്തുടരെയുള്ള സ്റ്റീരിയോടൈപ്പ് റിവഞ്ച് ഡ്രാമകളിലൂടെ അയാൾ വാണിജ്യ സിനിമയിലെ മുടിചൂടാമന്നനായി. തന്റെ സേഫ്സോണിൽ നിന്ന് പുറത്തു വരാൻ ശ്രമിക്കാതെ താൻ സൃഷ്ടിച്ച താര സിംഹാസനത്തിൽ വിരാജിതനായി. എഴുപതുകളിലും എൺപതുകളിലും ചെയ്തിരുന്ന നല്ല വേഷങ്ങൾ പതിയെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആരവങ്ങൾക്കും,ഐക്കണിക് ഡയലോഗുകൾക്കും വഴിമാറി കൊടുത്തു (ദളപതി മാത്രമാണ് ഒരു അപവാദം). പാതി വഴിയിൽ രജനി ഉപേക്ഷിച്ച നടനെ പിന്നീട് തിരിച്ചു കൊണ്ടുവരാൻ സാധിച്ചത് പാ രഞ്ജിത്തിനാണ്.
‘നടികർ’ രജനിയുടെ കരിയറിലെ ഇഷ്ടമുള്ള അഞ്ച് റോളുകളെ കുറിച്ചാണ് ചുവടെ..

16 വയതിനിലെ(1977)
ആദ്യ ചിത്രം അപൂർവ രാഗങ്കളിലെ പതിനഞ്ചു മിനിറ്റ് മാത്രമുള്ള റോൾ മുതൽ കരിയറിന്റെ തുടക്കകാലത്ത് രജനിയെ തേടിയെത്തിയത് മുഴുവൻ നെഗറ്റിവ് റോളുകളായിരുന്നു. അതിൽ ഏറ്റവും മികച്ചതിലൊന്ന് എന്ന് നിസ്സംശയം പറയാവുന്ന വേഷമാണ് പതിനാറ് വയതിനിലെ യിലെ പരട്ടൈ. നായികാനായകന്മാരായ കമലിനും ശ്രീദേവിക്കുമൊപ്പം വില്ലൻ റോളിൽ രജനി തിളങ്ങി. ഭാരതിരാജ രചനയും സംവിധാനവും നിർവഹിച്ച തമിഴ് സിനിമയുടെ സിനിമാസങ്കല്പങ്ങളെ തന്നെ മാറ്റി മറിച്ച പതിനാറ് വയതിനിലേയിലൂടെയാണ് രജനി തമിഴ് മക്കളുടെ മനസ്സിൽ ഒരു നടൻ എന്ന നിലയിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്. ‘ഇതെപ്പടി ഇറ്ക്ക്’ എന്ന പ്രസിദ്ധമായ രജനി ഡയലോഗ് ഈ ചിത്രത്തിലേതാണ്.

rajani kanth

മുള്ളും മലരും (1978)

രജനി എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്ന്. രജനി എന്ന നടന്റെ ക്യാലിബർ അതിന്റെ പൂർണ്ണതയിൽ കാണിച്ചു തന്ന ചിത്രമാണ് മുള്ളും മലരും. ഉമ ചന്ദ്രന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ജെ മഹേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം കാലാതിവർത്തിയായ ഒരു രജനി ചിത്രമാണ്. ഗ്രാമത്തിലെ പവർ പ്ലാന്റിൽ ഓപ്പറേറ്റർ ആയ കാളിയായി രജനി എത്തിയ ചിത്രം അദ്ദേഹത്തിന്റെ ആംഗ്രി യങ് മാൻ റോളുകളിൽ മികച്ച ഒന്ന് പ്രേക്ഷകർക്ക് സമ്മാനിക്കുന്നു. പിന്നീട് പേട്ടയിലും ബാബയിലും അജിത്തിന്റെ മങ്കാത്തയിലും ഉപയോഗിച്ച ‘രാമൻ ആണ്ടാലും’ എന്ന ഗാനവും വളരെ പോപുലർ ആയ ‘കെട്ട പയ്യൻ സർ ഇന്ത കാളി’ എന്ന വൺ ലൈനും ഈ ചിത്രത്തിലെതാണ്.

rajani

ജോണി (1980)

രജനി സൂപ്പർ സ്റ്റാർഡത്തിലേക്ക് കുതിച്ച മുരട്ടു കാളൈക്ക് തൊട്ട് മുമ്പ് പുറത്തിറങ്ങിയ ചിത്രമാണ് ജോണി. മഹേന്ദ്രൻ രജനി കോംബോയിൽ പുറത്തിറങ്ങിയ മറ്റൊരു മികച്ച ചിത്രം. നായികാപ്രാധാന്യമുള്ള ചിത്രത്തിൽ ശ്രീദേവിക്കൊപ്പം ഇരട്ട വേഷത്തിൽ രജനി മികച്ച പ്രകടനം കാഴ്ചവെച്ചു. അവസാനമായി രജനി എന്ന നടനെ ഇത്ര ഇന്റൻസിറ്റിയിൽ കണ്ട മറ്റൊരു സിനിമ ഇല്ല (തളപതിക്കു മുൻപ്).

rajini

ധില്ല് മുള്ള് (1981)

ഹാസ്യ പ്രധാനമായ റോളുകൾ ചെയ്യുന്നതിൽ രജനിയുടെ കഴിവ് പ്രേക്ഷകർ തിരിച്ചറിഞ്ഞ ചിത്രമാണ് ‘ധില്ല് മുള്ള്’. തുടർച്ചയായി മാസ് പടങ്ങൾ ചെയ്ത് കരിയറിൽ കത്തി നിൽക്കുന്ന സമയത്താണ് തന്റെ ഗുരുനാഥൻ ബാലചന്ദറിന്റെ സംവിധാനത്തിൽ രജനി ഇതുപോലൊരു മുഴുനീള ഹാസ്യചിത്രം ചെയ്യുന്നത്. ഗോൽ മാൽ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്ക് ആയിരുന്നിട്ടുകൂടി ധില്ലു മുള്ള് ബോക്സ് ഓഫീസിലും നിരൂപകർക്കിടയിലും മികച്ച പ്രകടനം കാഴ്ചവെച്ചു. രജനി അനായാസമായി ഹാസ്യരംഗങ്ങൾ കൈകാര്യം ചെയ്ത ചിത്രത്തിലെ രജനി-തേങ്കായ് ശ്രീനിവാസൻ രംഗങ്ങൾ ഇന്നും ഓർമ്മയിൽ നിൽക്കുന്നവയാണ്. ചിത്രം പിന്നീട് മിർച്ചി ശിവയെ നായകനാക്കി റീമേക്ക് ചെയ്തുവെങ്കിലും പരാജയപ്പെട്ടു. ഗോൽ മാലിലെ ആശയം മലയാളത്തിൽ പ്രിയദർശൻ അയൽവാസി ഒരു ദരിദ്രവാസി എന്ന ചിത്രത്തിൽ സബ് പ്ലോട്ട് ആയും,വിജി തമ്പി സിംഹവാലൻ മേനോൻ എന്ന പേരിൽ റീമേക്കും ചെയ്തിട്ടുണ്ട്.

തളപതി 1991

രജനിയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ലാണ് തളപതി. രജനിയും പ്രേക്ഷകരും മറന്നു തുടങ്ങിയ രജനിയെ മണിരത്‌നം തിരിച്ചു കൊണ്ടുവന്ന ചിത്രം. മണിരത്‌നത്തിന്റെ ശൈലിയും രജനിയുടെ സ്റ്റാർഡവും പെർഫെക്റ്റ് ആയി ബ്ലെൻഡ് ചെയ്യാൻ തളപതിക്ക് സാധിച്ചു. മഹാഭാരതത്തിലെ കർണനാണ് രജനിയുടെ കഥാപാത്രത്തിന് ആധാരം. മമ്മൂട്ടിയുടെ തോളോട് തോൾ ചേർന്ന് നിൽക്കുന്ന മികച്ച പ്രകടനമാണ് രജനി സിനിമയിൽ കാഴ്ചവെച്ചത്. സൂര്യയുടെ പ്രണയം,സൗഹൃദം,വ്യവസ്ഥിതിയോടുള്ള എതിർപ്പ് എന്നിവയൊക്കെ രജനി സമാനതകളില്ലാത്തവണ്ണം ഗംഭീരമാക്കി. രജനി,മണിരത്‌നം,മമ്മൂട്ടി,സന്തോഷ് ശിവൻ,ഇളയരാജ തുടങ്ങിയ പ്രതിഭകളുടെ സംഗമം കൂടിയായിരുന്നു തളപതി. തളപതിക്ക് ശേഷം പുറത്തിറങ്ങിയ അണ്ണാമലൈയിലൂടെയാണ് തലൈവർ കരിയറിൽ രണ്ടാമത്തെ ഷിഫ്റ്റ് നടത്തുന്നത്.

rajani

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വിവാദങ്ങൾ ആരാധകർക്കിടയിൽ തന്നെ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയെങ്കിലും ഇന്നും ഒരു രജനി പടം അനൗൻസ് ചെയ്യുമ്പോൾ ഉണ്ടാവുന്ന ഓളം മറ്റൊരു ഇന്ത്യൻ താരത്തിനും അവകാശപ്പെടാനില്ലാത്തതാണ്. അതുകൊണ്ട് തന്നെയാണ് ബാലകൃഷ്ണയും എൻടിആറും വിജയകാന്തും ചെയ്യുമ്പോൾ കത്തി ആവുന്ന പലതും രജനിക്ക് ചെയ്യാനുള്ള സ്വാതന്ത്ര്യം നമ്മൾ കൊടുക്കുന്നതും.

Leave a Reply