raman

രാമനിൽ വിപ്ലവം തേടുന്നവർ

എഴുത്ത് ; നസീമുദീൻ എംഎൻ

രാമജന്മഭൂമിയുടെ പേരിൽ ബാബരി പൊളിക്കുകയും, ശേഷം സെക്കുലർ ആയ സുപ്രീം കോടതിയുടെ വിധിയോട് കൂടി ആഗസ്റ്റ് 5ന് രാമക്ഷേത്രത്തിന്റെ കല്ലിടൽ ചടങ്ങ് നടക്കാനിരിക്കെ സാംസ്കാരിക കേരളവും രാമനിൽ വിപ്ലവം തിരയുന്ന കാലത്ത്, ഈ വിഷയത്തെ ഒരൊറ്റ കോണിൽ നിന്ന് മാത്രം കാണുക സാധ്യമല്ല.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിലനിൽക്കുന്ന എല്ലാ ഐതിഹ്യങ്ങളും ചരിത്രവുമായി ചേർത്തു വായിക്കേണ്ടതാണ്. വർഷങ്ങൾക്ക് മുന്നേ ദ്രാവിഡരുടെ സ്വര്യ ജീവിതത്തെ നശിപ്പിച്ച ആര്യൻ കടന്ന് കയറ്റത്തിന്റെ ഭിംഭമാണ് രാമൻ. ദേവ-അസുര പോരാട്ടങ്ങളെല്ലാം തന്നെ ഈ കടന്ന്കയറ്റത്തിന്റെയും ചെറുത്തുനിൽപ്പിന്റെയുമാണ്. ആര്യന്മാർ ഇവിടെയുണ്ടായിരുന്ന കറുത്ത ദ്രാവിഡരെ ആക്രമിക്കുകയും ദേശങ്ങൾ പിടിച്ചടക്കുകയും ചെയ്തു എന്ന ഒറ്റ വരിയിൽ ഒതുങ്ങുന്നതല്ല ആ അധിനിവേശം, തികച്ചും സാംസ്കാരികമായ ഒരു അക്രമമാണ് ഇവിടെയുണ്ടായിട്ടുള്ളത്.

ravan

തലമുറകൾ കൊണ്ട് ബ്രാഹ്മണ്യ ജാതി വ്യവസ്ഥ ദ്രാവിടഡരിൽ അടിച്ചേല്പിക്കുകയും, സ്വയം താഴ്ത്തപെട്ടവരായി കറുത്ത ദ്രാവിഡർക്ക് തോന്നും വിധം ബ്രാഹ്മണ്യം ദേശങ്ങളിൽ മേൽകൈ നേടുകയാണുണ്ടായത്. അതിന്റെ ഭാഗമായിട്ട് നടന്ന പോരാട്ടങ്ങളുടെ ചരിത്രമാവണം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്ന ഐതിഹ്യങ്ങളിൽ കാണാൻ കഴിയുക. മഹിഷാസുരനും, രാവണനുമൊന്നും കേവല ദുഷ്ട അസുര ജന്മങ്ങളല്ല, ഒരു ബ്രാഹ്മണ്യ നറേറ്റിവിലൂടെ മാത്രം വായിക്കപ്പെട്ട ഈ നാടിന്റെ പോരാളികളോ, പോരാളികളുടെ പ്രതിനിധികളോ ആണ്.

ഐതീഹ്യമെന്ന നിലയിൽ രാമനിൽ വിപ്ലവം തിരയാനും കാര്യമായ സാധ്യതകളില്ല. അതിന് അയാളുടെ ഭാര്യയായ സീതയെ സംശയിച്ചതോ, ശത്രുവിനെ പിന്നിൽ നിന്ന് അമ്പെയ്തു കൊന്ന ഭീരുവെന്നോ, പോരാട്ടങ്ങളിൽ കാണിച്ച മറ്റ് എത്തിക്സ് ഇല്ലായിമകൾക്ക് അപ്പുറം രാമൻ എന്ന ബ്രാഹ്മണ്യ ആര്യ സങ്കൽപ്പം ജാതീയമാണ്. ശംഭുകനെന്ന ശൂദ്രനെ തപസ്സ് ചെയ്തുവെന്ന ഒറ്റ കാരണത്തിൽ കൊന്ന് കളഞ്ഞ ജാതി വാദിയാണ് ഐതീഹ്യത്തിലെ രാമൻ. ഇന്ന് രാമനാമം ജപിക്കാനും, രാമക്ഷേത്ര നിർമ്മാണത്തിനും മുന്നിൽ നിൽക്കുന്ന ശൂദ്രനും, അതിന് താഴെയുള്ളവരും രാമരാജ്യത്തിൽ കൊല്ലപ്പെടുന്നവരായി മാറുമെന്നതാണ് വസ്തുത.

ശൂർപണകയെ അസുരയും വിരൂപിയുമായത് കൊണ്ട് ആക്രമിച്ച രാമ ലക്ഷ്മണ ദേവ സങ്കല്പങ്ങളുടെ വയലന്സിനെ ഒരു വഴിയും ന്യായീകരിക്കുക സാധ്യമല്ല. ധർമ്മം സ്ഥാപിക്കാൻ അവതാരം കൊണ്ട രാമൻ ഇങ്ങനെയൊക്കെ ചെയ്യുകയും, അതേ രാമനെ ഭിംഭവത്കരിക്കുകയും ചെയ്യുമ്പോൾ രാമൻ ചെയ്യുന്നതെല്ലാം ശരിയാണെന്ന ബോധത്തിലേക്കാവും കാര്യങ്ങൾ നീങ്ങുക. ഐതീഹ്യപ്രകാരം രാമനെ തള്ളി കളയുമ്പോൾ രാവണനെ ഏറ്റെടുക്കണമോ എന്ന ചോദ്യമാണ് ഈ വായനയിൽ പ്രസക്തം. സീത രാമന്റെ ഭാര്യയായി തന്നെ അവതരിക്കുമ്പോഴും, സീതയെ രാവണപുത്രിയായും സങ്കല്പിക്കുന്നുണ്ട്. കാമത്തോടെ സീതയെ മോഷ്ടിച്ച രാവണനെന്ന നറേഷൻ അവിടെ തീരുന്നതാണ്. ബ്രാഹ്മണായ പിതാവിൽ നിന്നുൾപടെ നീതി നിഷേധിക്കപ്പെട്ടു സ്വത്വത്തിനും തന്റെ ജനതക്കും വേണ്ടി പോരാടിയ രാവണൻ ഒരു പൂർണ്ണ സങ്കൽപ്പമല്ലെങ്കിലും അയാൾ ബ്രാഹ്മണ്യം ആക്രമിച്ച മനുഷ്യരുടെ രാജാവാണ്. ലങ്കാധിപൻ.

സമകാലിക ചരിത്രവുമായി ചേർത്തു വായിച്ചാലും രാമൻ എന്ന ഭിംഭം സംഘപരിവാർ സൃഷ്ടിയാണ് . 1970കളിൽ കൊച്ചിയിൽ നടന്ന വിശാല ഹിന്ദു സമ്മേളനത്തിൽ ഈ അടുത്ത കാലത്ത് കേരളത്തിന്റെ സാംസ്കാരിക ആചാര്യനായി കേരളം വാഴ്ത്തിയ പി. പരമേശ്വരനെന്ന ആർ എസ് എസ്കാരന്റെ ഉയർത്തിയ ആശയമായിരുന്നു കർക്കിടകം രാമായണ മാസമായി ആചരിക്കുകയെന്നത്. കേരളത്തിൽ ഇന്നും കാര്യമായ സ്വാധീനമില്ലാത്ത രാമസങ്കല്പത്തിലൂടെ ഐക്യഹിന്ദുവെന്ന ആശയം കൂടിയാണ് സംഘപരിവാർ ലക്ഷ്യം വെച്ചതും. അതിനായി പറവൂർ ശ്രീധരനെന്ന അബ്രാഹ്മണനെ സൂര്യകാലടി മനയിലെ ബ്രാഹ്മണ തന്ത്രിക്ക് സഹായിയായി നിയമിക്കുകയും ചെയ്തു. തത്വത്തിൽ, ആർക്ക് വിരുദ്ധമായതാണോ രാമസങ്കല്പം അവരെ കൂടെ ചേർത്ത് അതേ സങ്കൽപത്തെ വളർത്താൻ ശ്രമിക്കുകയാണ് ഇവിടെ.

ആര്യ-ദേവ സങ്കല്പങ്ങൾ അല്ലാത്തവയൊക്കെ തെറ്റും ദേശദ്രോഹവുമായി കണക്കാക്കപ്പെടുന്ന കാലത്ത് ദ്രാവിഡ സ്വത്വങ്ങളും വിശ്വാസങ്ങളും കുറച്ചൊന്നുമല്ല ഇവിടെ ശ്വാസം മുട്ടുന്നത്. രാവണനെ ക്രൂരനായ അസുരനായി തന്നെ അവതരിപ്പിക്കുന്നതിൽ ബ്രാഹ്മണ്യം കുറെയൊക്കെ വിജയിച്ചെങ്കിലും, അപ്രകാരം അവര്ക്ക് നറേറ്റ് ചെയ്യാൻ കഴിയാതെ പോയ രണ്ട് പേരാണ് മഹാബലിയും മഹിഷാസുരനും. രാവണനെ പോലെ രണ്ട് പേരും അസുരനാണ്, ദ്രാവിഡനാണ്. ഐതീഹ്യപരമായി മഹാബലി ദേവസങ്കൽപ്പങ്ങൾക്ക് മുന്നിൽ കീഴ്‌പെട്ടെങ്കിലും ജാതിബോധമില്ലാത്ത അദ്ദേഹന്റെ കാലത്തെ ഇന്നും പാട്ടുകളിൽ കാണാം. മഹിഷാസുരൻ ഒരു പക്ഷേ വില്ലാളിയായ ഒരു രാജാവായിരുന്നിരിക്കണം. ദേവലോകത്തെ ആകെ ഇളക്കി മറിച്ച, എല്ലാവരും ഭയപ്പെട്ട ഒരാൾ. ഒടുവിൽ ദുർഗ്ഗയിലേക്ക് ദേവലോകത്തിന്റെ മുഴുവൻ ശക്തിയും കേന്ദ്രികരിച്ചാണ് മഹിഷാസുരനെ വധിക്കുന്നത്. മഹാബലിയെന്ന രാജാവിന്റെ ദ്രാവിഡ രാജ്യത്തേക്ക് ബ്രാഹ്മണ്യം പകർന്ന ആര്യന്മാരായിട്ടാണ് ചരിത്രപരമായി വാമനനെ കാണാൻ കഴിയുക.

mahabali

മഹിഷാസുരനെ തങ്ങളുടെ ദ്രാവിഡ രാജാവായി തന്നെ കരുതുന്ന ജനങ്ങൾ ഇന്ത്യയിലുണ്ട്. ദ്രാവിഡ-ആര്യ / അസുര- ദേവ സംഘടങ്ങളിൽ അക്രമിക്കപ്പെടുകയും അരിക്വത്കരിക്കപെടുകയും ചെയ്തു എന്ന കാരണത്താൽ മാത്രമല്ല ദ്രാവിഡ പക്ഷത്ത് നിൽക്കുന്നത് നീതിയാവുന്നത്. പാർലമെന്റിൽ സീതാറാം യെച്ചൂരി തന്നെ “ദേവഗണങ്ങൾ ചതിച്ച മഹാബലിയെന്ന അസുരൻ രാജാവിന്റെ വരവും കാത്തിരുന്നു ഓണം ആഘോഷിക്കുന്ന ഒരു ജനത ഇവിടെയുണ്ട്, അവരെല്ലാം മോശം ഹിന്ദുക്കൾ ആണോ?” എന്നു ചോദിക്കുകയുണ്ടായി. ഈ നാട്ടിൽ അസുരനെ ദ്രാവിഡ സ്വത്വത്തെ ആക്രമിക്കാൻ ഒരു കൂട്ടം തന്നെ ഇറങ്ങി തിരിക്കുമ്പോൾ അതിന്റെ കേന്ദ്രമായ രാമനിൽ വിപ്ലവം തിരയാൻ സാമാന്യ യുക്തി പോര.
ശശികല മഹിഷാസുര ആരാധന ഇന്ത്യയിൽ നടത്താൻ അനുവദിക്കില്ല എന്നും ഒരു മലയാളം ചാനലിൽ തന്നെ പറയുകയുണ്ടായിട്ടുണ്ട്. കേവലം മഹിഷാസുര-ദുർഗ്ഗ ചർച്ച നടത്തിയതിന്റെ പേരിൽ സിന്ധു സൂര്യകുമാർ എന്ന യുവതിക്ക് രണ്ടായിരത്തിലേറെ ഭീഷണികൾ കിട്ടിയിട്ടുണ്ട്.

കനയ്യ കുമാർ രാജ്യദ്രോഹിയായി അറസ്റ്റ് ചെയ്യപ്പെട്ട ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൊടുത്ത റിപ്പോർട്ടിൽ രാജ്യദ്രോഹ കുറ്റങ്ങളിൽ ഒന്നായി എഴുത്തപ്പെടുന്നത് മഹിഷാസുര ആരാധനയാണ്. (ഇന്ന് നിങ്ങൾ വാമനജയന്തിയെ കളിയാക്കുന്നുണ്ടാവും, നാളെയവർ ഓണം രാജ്യദ്രോഹമാക്കും വരെ) . 2011ൽ AIBSF JNUൽ നടത്തിയ മഹിഷാസുര ദിനം ABVP സംഘർഷത്തിലേക്ക് എത്തിച്ചിരുന്നു. ഇത്തരത്തിൽ ആര്യ-ദേവ സങ്കല്പങ്ങൾ അല്ലാതെതല്ലാം ഇവിടെ അക്രമിക്കപടുകയാണ്. അതിനോടൊപ്പം സംഘപരിവാറിന്റെ ലൈനിൽ ഇടയിളന്മാരുടെ രാമ കീർത്തികൾ വേറെയും.

ഇന്ത്യയുടെ രാഷ്ട്രീയത്തിന്റെ സാംസ്കാരിക മുഖം ഹിന്ദുത്വയുടേതാണ്, അത് കൊണ്ടാണ് രാമനിൽ വിപ്ലവം തിരയാൻ അവരിങ്ങനെ കിണഞ്ഞു ശ്രമിക്കുന്നതും. യേശുവിന്റെ ഫോട്ടോ വെച്ചു പോസ്റ്റർ അടിച്ചാലും യേശു ഒരു ചർച്ചക്കുള്ള വകയാവില്ല. മുഹമ്മദ് നബിയെ മറ്റൊരു വായനക്ക് പോലും സാധ്യതയില്ലാതെ അവർ തള്ളി കളഞ്ഞിരിക്കും. എന്തിനേറെ കേരള സാംസ്കാരിക ഹിന്ദുത്വ ലിബറലുകൾ ബുദ്ധനെ പോലും പുനർവായന നടത്തില്ല, പക്ഷേ കൃത്യമായി അവർ രാമനിലേക്ക് ഒഴുകി ഇറങ്ങും. ജയ് ശ്രീ റാം വിളിച്ചില്ലെങ്കിൽ മനുഷ്യൻ കൊല്ലപ്പെടുന്ന, ബീഫിന്റെ പേരിൽ ബ്രാഹ്മണ്യം ആളെ തല്ലി കൊല്ലുന്ന ഈ നാട്ടിൽ ഇരയാക്കപ്പെടുന്നതെല്ലാം സംഘപരിവാർ മുഖ്യ ശത്രുവായി പ്രഖ്യാപിച്ച മുസ്ലിമാവുന്നതും തുടക്കത്തിൽ സൂചിപ്പിച്ച സംഘപരിവാറിന്റെ ഐക്യ ഹിന്ദു വാദം ബാബരിയിലേത് പോലെ ആർക്കെതിരെ ആദ്യം പ്രവർത്തിക്കും എന്ന സൂചനയാണ്.

ഉറപ്പാണ്, രാമരാജ്യത്തിന് വേണ്ടി പണിയെടുത്ത കൊണ്ട് ഒരു ശംഭുകനും കൊല്ലപ്പെടാതെ ഇരിക്കില്ല. അത് കൊണ്ട് സുനിൽ പി ഇളയിടം പോലുള്ള ലെഫ്റ്റ് ലിബറലുകളുടെ “നിങ്ങൾക്ക് ഏത് രാമനെ വേണം?” എന്ന ചോദ്യത്തിന് സണ്ണി എം കപ്പിക്കാടിന്റെ “ഞങ്ങൾക്ക് രാമനയേ വേണ്ട” എന്ന ഉത്തരമാണ് നല്ലത്.

Leave a Reply