kappela

സിനിമ ബിഗ്‌സ്‌ക്രീനിൽ നിന്ന് മിനി സ്‌ക്രീനിൽ എത്തുമ്പോൾ

അഭിമുഖം ; മുഹമ്മദ് മുസ്തഫ /അർജുൻ ഉണ്ണി

കോവിഡും റിലീസും

ശരിക്കും തലയ്ക്ക് അടിയേറ്റ പോലെയായിരുന്നു കോവിഡ്19 വ്യാപനത്തെ തുടർന്ന് തീയറ്ററുകൾ അടച്ചപ്പോഴുണ്ടായ അനുഭവം. സിനിമ പുറത്തിറങ്ങി നാലോ അഞ്ചോ ദിവസത്തിനുള്ളിൽ, റീച്ച് കിട്ടുന്നതിന് മുമ്പ് തീയറ്ററുകൾ അടയ്ക്കുക. കപ്പേള പോലൊരു സിനിമയ്ക്ക് അത് വലിയ അടിയായിരുന്നു. അത് പക്ഷേ ആരുടെയും കുറ്റമല്ലല്ലോ. പിന്നീടുണ്ടായ ചർച്ചകൾക്ക് ശേഷമാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചത്.

നെറ്റ്ഫ്ലിക്‌സ് റിലീസ്

തീയറ്ററിൽ വലിയ സ്ക്രീനിൽ നമ്മുടെ സിനിമ കാണുക എന്നത് തന്നെയാണ് ആഗ്രഹം. ശബ്ദത്തിലും മറ്റും ഉള്ള പ്രത്യേകതകളും മറ്റും മനസ്സിലാക്കാൻ തീയറ്ററിൽ നിന്നെ സാധിക്കൂ. പക്ഷെ ഇപ്പോഴത്തെ സാഹചര്യം മൂലം അതിനു സാധിച്ചില്ല. പിന്നെ ഈ റിലീസ് പൂർണമായും സാമ്പത്തികലാഭമാണെന്നൊന്നും പറയാൻ കഴിയില്ല.പക്ഷെ മലയാളത്തിൽ നിന്ന് നെറ്റ്ഫ്ലിക്‌സ് എടുത്ത സിനിമകളിൽ അത്യാവശ്യം നല്ലൊരു തുകയ്ക്കാണ് കപ്പേളയുടെ വിതരണാവകാശം അവർ സ്വന്തമാക്കിയത്. നെറ്റ്ഫ്ലിക്‌സ് ഒരു സിനിമ സ്‌ട്രീം ചെയ്യുമ്പോൾ കണ്ടന്റ് ശ്രദ്ധിക്കുന്നത് പോലെ ദൃശ്യ-ശ്രവ്യ സംവിധാനങ്ങളെയും കൃത്യമായി പരിഗണിക്കും. ആ ഒരു ഇമ്പാക്ട് വ്യാജ/പൈറേറ്റഡ് പ്ലാറ്ഫോമുകളിൽ കിട്ടണമെന്നില്ല.

മികച്ച പ്രതികരണങ്ങൾ

കപ്പേളയ്ക്ക് മൗത്ത് പബ്ലിസിറ്റി വഴി റീച്ച് കിട്ടുന്നതിന് മുൻപ് തന്നെ തീയറ്ററുകൾ അടച്ചു. ടാർഗറ്റ് ഓഡിയൻസിലേക്ക് എത്തുന്നതിന് മുൻപ് തന്നെയാണ് ഇത് സംഭവിച്ചത്. അന്ന് അത് വലിയ വിഷമമായെങ്കിലും ഇപ്പൊ ഫോണിലും മറ്റും ബന്ധപ്പെട്ട് ആളുകൾ നല്ല അഭിപ്രായങ്ങൾ അറിയിക്കുമ്പോൾ സന്തോഷമുണ്ട്.

അറ്റെൻഷൻ സ്പാൻ : തീയറ്ററിലും ഓൺലൈനിലും

അത് ഒറ്റയിരുപ്പിന് ഒരു പുസ്തകം വായിക്കുന്നത് പോലെ തന്നെയാണ് . ‘ആടുജീവിതം’ ഞാൻ ഒറ്റയിരുപ്പിന് വായിച്ചു തീർത്തതാണ്, അതുപോലെ മറ്റുപല പുസ്തകങ്ങളും.ചില പുസ്തകങ്ങൾ അതുപോലെ ആസ്വദിക്കാൻ സാധിച്ചില്ലെങ്കിൽ ഇടയ്ക്ക് ഏതെങ്കിലും അധ്യായത്തിൽ നിർത്തി പിന്നീട് വായിക്കും. ഈ ഒരു സൗകര്യം വന്നതോടുകൂടി സിനിമയും ആ ഒരു രീതിയിലേക്ക് മാറി. എന്നെ സന്തോഷവാനാക്കുന്ന ഒരു കാര്യം, ഈ ഒരു കാലത്തും സ്കിപ് ചെയ്യാതെയും ഫോർവേഡ് ചെയ്യാതെയും സിനിമ മുഴുവനായും കണ്ട് നല്ല അഭിപ്രായങ്ങൾ വിളിച്ചു പറയുന്നുണ്ട് എന്നതാണ്. റീ റിലീസ് ചെയ്ത പോലൊരു അനുഭവമാണത്.

ക്യാമറയ്ക്ക് മുന്നിൽ നിന്നും പിന്നിലേക്ക്.

ആദ്യമേ ക്യാമറയുടെ പിറകിലായിരുന്നു.ഫോട്ടോഗ്രാഫർ ആയിരുന്ന സമയത്തു വെഡ്ഡിംഗ് ഫോട്ടോഗ്രഫിക്കും മറ്റും പോകുന്ന കാലത്തേ, ടെക്‌നിക്കലി പരീക്ഷണങ്ങൾ നടത്താൻ ശ്രമിച്ചിട്ടുണ്ട്. പിന്നീട് അസിസ്റ്റ് ചെയ്തപ്പോഴും അല്ലാത്തപ്പോഴും ഷോർട് ഫിലിം ചെയ്തപ്പോഴും ഒക്കെ സാങ്കേതികമായി സിനിമയെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. പണ്ടേ ആഗ്രഹിച്ച കാര്യമാണ് ഇപ്പൊ നടന്നത്.

പുതിയ പദ്ധതികൾ, സർഗാത്മകതയുടെ പൊളിച്ചെഴുത്തുകൾ

പുതിയ ആലോചനകൾ അല്ലെങ്കിൽ ഭാവിയെക്കുറിച്ച് ഒന്നും പറയാതിരിക്കുകയാണ് നല്ലത്. ആരും മുന്നിൽക്കണ്ട പോലെയുള്ള കാലത്തിലൂടെയല്ല നമ്മുടെ പോക്ക്.പിന്നെ ആളുകളുടെ ക്രിയേറ്റിവിറ്റിയും അത്തരത്തിൽ പൊളിച്ചെഴുത്തുകൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്.

Leave a Reply