stoke

സ്റ്റോക്സിന് ഇതൊക്കെ യെന്ത് !!

എഴുത്ത് ; നെൽസൺ ജോസഫ്

സ്റ്റോക്സിന് ഇത് പുതുമയുള്ള സംഭവമൊന്നുമല്ല. ഇതെന്ന് വച്ചാൽ…..
എതിർ വശത്ത് മുംബൈ പോലൊരു ബൗളിങ്ങ് നിര. അവരുടേതായ ദിവസത്തിൽ ഏത് ബാറ്റിങ്ങ് ലൈനപ്പിനെയും ചുരുട്ടിക്കെട്ടാൻ കെല്പുള്ള ഒന്ന്.
സ്വന്തം ടീം ലീഗിൽ ഏഴാം സ്ഥാനത്ത്. താൻ ഔട്ടായിക്കഴിഞ്ഞാൽ ബാക്കിയുള്ളോരിൽ എത്രപേർ ഒപ്പമുണ്ടാവുമെന്ന് വലിയ ഊഹമില്ല.
ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ടുകൊണ്ട് ഉണ്ടായ ഇരുന്നൂറിനോടടുത്ത സ്കോർ..ഇതിലും വലിയ വെള്ളിയാഴ്ച വന്നിട്ട് പള്ളീൽപ്പോവാത്ത സ്റ്റോക്സിന് ഇതൊക്കെ യെന്ത് !!
ഓർമയില്ലേ ലോകകപ്പ് ഫൈനൽ? 86 റൺസിന് നാലു വിക്കറ്റ് പോയ ഇംഗ്ലണ്ടിനെ ഒരറ്റത്ത് നിന്ന് പൊരുതി അവസാന ഓവറിൽ പത്തിനു മുകളിൽ റൺ സ്കോർ ചെയ്ത് കട്ടയ്ക്ക് കട്ടെ നിറുത്തിയത്. ഹെഡിങ്ങ്ലി ലീഡ്സ് ടെസ്റ്റ്…എതിരാളികൾ ഓസ്ട്രേലിയ. ഒന്നാമിന്നിങ്ങ്സിൽ 67 റണ്ണിന് ഓൾ ഔട്ടായ ഇംഗ്ലണ്ടിന് നേർക്ക് ഓസീസ് വച്ചു നീട്ടിയ ലക്ഷ്യം 359 റൺ. എട്ടാമനായി ആർച്ചറും ഒൻപതാമനായി ബ്രോഡും ഒരേ സ്കോറിൽ കൂടാരം കയറുമ്പൊ സ്കോർ ബോർഡിൽ 286 റൺ മാത്രം.

വിജയം അപ്പൊഴും 74 റൺ അകലെയാണ്. വിജയത്തെക്കാൾ അടുത്ത് പരാജയമാണ്. ഒരൊറ്റ വിക്കറ്റിൻ്റെ മാത്രം ദൂരം..
പതിനൊന്നാമനെ ഒപ്പം നിറുത്തി അവിടെ സ്റ്റോക്സ് നടത്തുന്നൊരു പോരാട്ടമുണ്ട്. ഓസ്ട്രേലിയയുടെ ബൗളർമാരെ ഓരോരുത്തരെയായി നേരിട്ട്, പതിനൊന്നാമനെ ഒരറ്റത്ത് നിറുത്തി ഏഴ് സിക്സറുകളും നാലു ബൗണ്ടറികളും കൊണ്ട് പിന്നീട് വേണ്ടിയിരുന്ന 74 റണ്ണിൽ ഒരു റണ്ണൊഴികെ ബാക്കി മുഴുവനും ഒറ്റയ്ക്ക് അടിച്ചെടുത്ത് സെഞ്ചുറിയും വിജയവും ഓസീസിൻ്റെ കയ്യിൽ നിന്ന് തട്ടിപ്പറിച്ചെടുക്കുന്നൊരു കളി…
അത് വച്ച് നോക്കുമ്പൊ ഇതൊക്കെ യെന്ത്. ഇന്ന് ഒപ്പം ഒന്ന് മനസ് വച്ചാൽ പിടിച്ച് നിന്ന് നല്ല സുന്ദരം ഇന്നിങ്ങ്സ് കളിക്കാൻ കഴിവും പ്രതിഭയുമുള്ള സഞ്ജു സാംസണുണ്ടായിരുന്നത് ഒരു അധിക നേട്ടമായിരുന്നെന്ന് മാത്രം..
ബ്രില്യൻ്റ് ഇന്നിങ്ങ്സ്.

Leave a Reply