38 കാരി ചന്ദ്രിക ഓടി കൊണ്ടിരിക്കുകയാണ്: ആർജവത്തോടെ !, അഭിമാനത്തോടെ !

എഴുത്ത് ; എസ് രാധാകൃഷ്ണൻ കണ്ണാടി

30 വർഷമായി ജീവിത ദുരിതം പേറി ചന്ദ്രിക ഓട്ടം തുടങ്ങിയിട്ട്. 5ാം വയസ്സിൽ പുത്തൻ ഉടുപ്പും ബാഗുമായി സ്കൂളിൽ പോയി കൂട്ടുകാരൊത്ത് പഠിക്കാനും കളിക്കാനും അവസരം ലഭിക്കാത്ത കുട്ടി. പ്രാഥമിക വിദ്യാഭ്യാസം നേടേണ്ട സമയത്ത് തന്റെ 3 കൊച്ചനുജത്തിമാരെ പരിചരിക്കേണ്ട ചുമതലയാണ് രക്ഷിതാക്കൾ നൽകിയത്. 8 വയസ്സുവരെ കോയമ്പത്തൂരിലായിരുന്നു. ശേഷം കണ്ണാടിയിൽ വാടക വീട്ടിൽ. 12 ആം വയസ്സിൽ കൊല്ലത്ത് വീട്ടുജോലിക്ക് പോയി. നാലര വർഷം ജോലി ചെയ്തു. 3 മാസം കൂടുമ്പോൾ കുട്ടിയുടെ അച്ഛൻ കൃത്യമായി കൊല്ലത്തെത്തും. പണി കൂലി വാങ്ങാൻ. കുടുംബം പോറ്റാൻ അവൾ വിയർപ്പൊഴുക്കി. പിന്നെ കണ്ണാടിയിലെ കൊപ്ര മില്ലിലും,TV സ്റ്റാന്റ് നിർമാണ കമ്പനിയിലും ജോലി ചെയ്തു.

എല്ലാ കഷ്ടപ്പാടുകൾക്കും വിരാമമിട്ട് അവളെ കോയമ്പത്തൂർക്ക് വിവാഹം കഴിച്ചയച്ചു. അത് വറച്ചട്ടിയിൽ നിന്ന് എരിതീയിലേക്കുള്ള യാത്രയായിരുന്നു. കരിമ്പിൻ തോട്ടത്തിൽ ജോലിക്ക് പോയി കുടുംബം പോറ്റിയിട്ടും ഭർത്താവിന്റെ കൂടെ താമസിക്കാൻ കഴിയാതെ വന്നപ്പോൾ 2 വയസ്സായ മകളുമായി വീട്ടിലേക്ക് മടങ്ങി. മൂന്നു സഹോദരിമാർ വിവാഹിതരായി. സഹോദരൻ ആലപ്പുഴയിൽ ഭാര്യ വീട്ടിൽ താമസിക്കുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പം മകളുമായി വാടക വീട്ടിൽ വീണ്ടും താമസം. ദുരിതം നിറഞ്ഞ തന്റെ ജീവിതത്തിന് അറുതി വരുത്താൻ ചന്ദ്രിക തീരുമാനിച്ചു. വിട്ടുമാറാത്ത ഇടുപ്പു വേദനയും,മൈഗ്രേനും കാരണം ശാരീരിക അദ്ധ്വാനമുള്ള ജോലി ചെയ്യാൻ കഴിയാതായി.
പത്രവിതരണം എന്ന വേറിട്ട വഴി തെരഞ്ഞെടുത്തു. ഇപ്പോൾ ദിവസം 250 പത്രം വിതരണം ചെയ്തു വരുന്നു.

8 A+ നേടി വിജയിച്ചു. ആര്യനന്ദയ്ക്ക് ഒരുപാട് സ്വപ്നങ്ങളുണ്ട്. വിശ്വപ്രസിദ്ധ ബ്രസീലിയൻ സാഹിത്യകാരൻ പൗലോ കൊയ്ലോ തന്റെ ‘ആൽകെമിസ്റ്റ് ‘എന്ന പുസ്തകത്തിൽ പറയുന്നുണ്ട് ” ഒരാൾ എന്തെങ്കിലും നേടാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ ആ ആഗ്രഹം സഫലമാക്കാൻ ഈ ലോകം മുഴുവൻ അവന്റെ സഹായത്തിനെത്തും “. 10 വർഷം മുമ്പ് പഞ്ചായത്ത് കൊടുത്ത 3 സെന്റ് സ്ഥലത്ത് 200 Sq. ഫീറ്റിൽ ഒരു മുറിയും,അടുക്കളയും,ബാത്ത്റൂമുമുള്ള കൊച്ചു വീട്ടിൽ അമ്മയും മകളും കമ്മാന്തറയ്ക്കടുത്ത് താമസിച്ചു വരുന്നു. (സ്ഥലം സ്വന്തം പേർക്ക് മാറ്റാൻ പറഞ്ഞിട്ടുണ്ട്.) തൊട്ടപ്പുറത്ത് അച്ഛനും അമ്മയും വാടക വീട്ടിൽ താമസിക്കുന്നു. അവരെ കൈവിടാതെ ചന്ദ്രികയും.

വാസയോഗ്യമായ ഒരു വീട്, മകളെ പരമാവധി പഠിപ്പിച്ച്, ഒരു തൊഴിൽ നേടി കൊടുത്ത് , സുരക്ഷിത കരങ്ങളിലേൽപിക്കുക, ഇത്ര മാത്രമേ ചന്ദ്രികയ്ക്ക് ആഗ്രഹമുള്ളൂ. ചന്ദ്രികയ്ക്ക് എന്നും തുണയായ് നിന്നിട്ടുള്ളത് കണ്ണാടിയിലെ പൊതു സമൂഹവും പൊതുപ്രവർത്തകരുമാണ്.
1980 കളിൽ എം.ടി.വാസുദേവൻനായർ സംവിധാനം ചെയ്ത ‘ബന്ധനം’ എന്ന സിനിമയിൽ – ജീവിത സ്വപ്നം തകർന്ന മുഖ്യ കഥാപാത്രം ( സുകുമാരൻ – നടൻ പൃഥ്വിരാജിന്റെ അച്ഛൻ ) ക്ലൈമാക്സിൽ ഫിക്ഷനിലൂടെ ന്യായാധിപനായി സ്വന്തം വിധി പ്രസ്താവിക്കുന്നുണ്ട്. വിധിയിൽ അൽപം മാറ്റം വരുത്തി പറഞ്ഞാൽ” ജനിച്ചു പോയി എന്ന മഹാപാതകം നിസ്സംശയം തെളിഞ്ഞിരിക്കയാൽ, മരണം വരെ ജീവിക്കാൻ ഈ കോടതി ഉത്തരവിട്ടിരിക്കുന്നു”. സിനിമ കഴിഞ്ഞു. അസന്നിഗ്ധമായി പ്രഖ്യാപിച്ച ഈ ജീവിത കോടതി വിധി നടപ്പിലാക്കാൻ പ്രതീക്ഷയോടെ
38 കാരി ചന്ദ്രിക ഓടി കൊണ്ടിരിക്കുകയാണ്.
ആർജവത്തോടെ ! അഭിമാനത്തോടെ !

Leave a Reply